പുരികം ത്രെഡ് ചെയ്തു, ഭർത്താവിന് ഇഷ്ടമായില്ല, വീഡിയോ കോളിലൂടെ വിവാഹമോചനം; കേസെടുത്ത് പൊലീസ്

Advertisement

കാൺപൂർ: ഭാര്യ പുരികം ത്രെ‍ഡ് ചെയ്തത് ഇഷ്ടപ്പെടാത്ത ഭർത്താവ് ഭാര്യയെ മുത്തലാഖ് ചൊല്ലി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം.

ഭാര്യയുമായുള്ള വീഡിയോ കോളിനിടെയാണ് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഭർത്താവ് മുത്തലാഖ് ചൊല്ലിയത്. തന്റെ സമ്മതമില്ലാതെ ഭാര്യ പുരികം ത്രെഡ് ചെയ്തതിനായിരുന്നു വിവാഹമോചനമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. തുടർന്ന് യുവതി പൊലീസിനെ സമീപിച്ചു.

ഗുൽസബ എന്ന സ്ത്രീയാണ് കാൺപൂർ പൊലീസിൽ പരാതിയുമായി എത്തിയത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഒക്‌ടോബർ നാലിനായിരുന്നു സംഭവം. പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നാരോപിച്ച് യുവതി വീണ്ടും പൊലീസിനെ സമീപിക്കുകകയായിരുന്നു. ഒരു വർഷം മുൻപാണ് പ്രയാഗ്‌രാജ് ഫുൽപൂരിലെ മുഹമ്മദ് സലിമുമായി ഗുൽസബ വിവാഹിതയായത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം സലിം സൗദി അറേബ്യയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയി.

പിന്നീട് ഗുൽസബ കുറച്ചുകാലം സലിമിന്റെ മാതാപിതാക്കളോടൊപ്പം താമസിച്ചുവെങ്കിലും പിന്നീട് സ്വന്തം മാതാപിതാക്കളുടെ വീട്ടിലേക്ക് മാറി. സ്ത്രീധനത്തിന്റെ പേരിൽതന്നെ പീഡിപ്പിക്കുന്നതായി ഗുൽസബ പരാതിയിൽ പറഞ്ഞതായി കലക്ടർഗഞ്ച് പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ (എസിപി) നിഷാങ്ക് ശർമ്മ പറഞ്ഞു. സലിം സൗദി അറേബ്യയിലേക്ക് പോകുകയും മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തതിന് ശേഷമാണ് പീഡനം വർധിച്ചത്. തന്റെ ഭർത്താവ് കടുത്ത യാഥാസ്ഥിതികനാണെന്നും താൻ ഫാഷനായിരിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കാറുണ്ടെന്നും ഗുൽസബ പരാതിയിൽ പറയുന്നു.

ഒക്‌ടോബർ നാലിന് ഭാര്യയുമായി ഒരു വീഡിയോ കോളിൽ സംസാരിക്കുന്നതിനിടയിൽ ഭാര്യയുടെ പുരികം ഷെപ്പ് ചെയ്തത് ശ്രദ്ധിക്കുകയും തന്റെ അനുവാദമില്ലാതെ എന്തിനാണ് ചെയ്തതെന്ന് കയർക്കുകയും ചെയ്തു. ദേഷ്യപ്പെട്ട ഇയാൾ ഭാര്യയെ മുത്തലാഖ് ചൊല്ലി. ഭർത്താവിനും ഭർത്താവിന്റെ മാതാവിനും മറ്റ് നാല് പേർക്കുമെതിരെയാണ് ഗുൽസബ പൊലീസിൽ പരാതി നൽകിയത്. മുസ്ലീം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ നിയമം, സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരം സലിമിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് അസി. പൊലീസ് കമ്മീഷണർ പറഞ്ഞു.