ദീപാവലി അടിച്ചുപൊളിക്കാൻ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കു യാത്ര പോകാം. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) സഞ്ചാരികൾക്കായി പുതിയ പാക്കേജ് അവതരിപ്പിച്ചു. അഞ്ച് രാത്രികളും ആറ് പകലും നീളുന്ന യാത്രയ്ക്ക് ഒരാൾക്ക് 27,450 രൂപ മുതലാണ് നിരക്ക്. നവംബർ ആറു മുതൽ 24 വരെ നടത്തുന്ന പ്രതിദിന ടൂറുകളിൽ ആൻഡമാനിലെ വിവിധ ദ്വീപുകളിലേക്കും ബീച്ചുകളിലേക്കും സഞ്ചാരികളെ കൊണ്ടുപോകും. ഫാമിലി ആൻഡമാൻ ഹോളിഡേസ്-ഗോൾഡ് (EHH96) എന്നാണ് പാക്കേജിൻറെ പേര്.
യാത്രാ ക്രമം
പോർട്ട് ബ്ലെയറിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ആദ്യദിനം പോർട്ട് ബ്ലെയറിൽ നിന്നും മനോഹരമായ കോർബിൻസ് കോവ് ബീച്ചിലേക്കും പിന്നീട് സെല്ലുലാർ ജയിലിലേക്കും സഞ്ചാരികളെ കൊണ്ടുപോകും. പിറ്റേ ദിവസം പോർട്ട് ബ്ലെയറിൽ നിന്ന് പ്രഭാതഭക്ഷണത്തിനു ശേഷം ബ്രിട്ടീഷ് ഭരണകാലത്ത് പോർട്ട് ബ്ലെയറിൻറെ തലസ്ഥാനമായിരുന്ന റോസ് ഐലൻഡിലേക്ക് പോകും. തുടർന്ന്, ജല കായിക വിനോദങ്ങൾക്ക് പ്രശസ്തമായ ബേ ഐലൻഡ് സന്ദർശിക്കും. ഇവിടെ സ്കൂബ ഡൈവിങ് പോലെയുള്ള വിനോദങ്ങളിൽ ഏർപ്പെടാൻ അവസരമുണ്ട്.
മൂന്നാംദിവസം, പോർട്ട് ബ്ലെയറിൽ നിന്ന് 54 കിലോമീറ്റർ ദൂരെയുള്ള ഹാവ്‌ലോക്ക് ദ്വീപിലേക്ക് കടത്തുവള്ളത്തിൽ യാത്ര പുറപ്പെടും. ഇവിടെ കാലാപത്തർ, രാധാനഗർ ബീച്ചുകളിൽ സമയം ചെലവിടാം. നാലാം ദിവസം നീൽ ദ്വീപിലേക്ക് ക്രൂയിസ് യാത്രയുണ്ടാകും. നാചുറൽ ബ്രിജ്, ലക്ഷ്മൺപുർ ബീച്ച് എന്നിവ സന്ദർശിക്കാം. അഞ്ചാം ദിനം പ്രശസ്തമായ ഭരത്പൂർ ബീച്ച് സന്ദർശിക്കാം. ആറാംദിനം പോർട്ട് ബ്ലെയറിൽ നിന്ന് മടങ്ങും.
പാക്കേജ് നിരക്ക്
2023 ഒക്ടോബർ 1 മുതൽ 2024 മാർച്ച് 31 വരെയുള്ള പാക്കേജ് നിരക്ക് ചുവടെ പറയും പ്രകാരമാണ്:
സിംഗിൾ ഒക്യുപൻസി : 52,750 രൂപ
ഡബിൾ ഒക്യുപൻസി : 30,775 രൂപ
ട്രിപ്പിൾ ഒക്യുപൻസി : 27,450 രൂപ
5-11 വയസ്സ് പ്രായമുള്ള കുട്ടി : 17,000 രൂപ
2 – 4 വയസ്സ് പ്രായമുള്ള കുട്ടി : 13,550 രൂപ
ഇതുകൂടാതെ നാലുപേർ അടങ്ങുന്ന ഗ്രൂപ്പിൽ ഓരോ ആൾക്കും 28,750 രൂപയും ആറു പേർ അടങ്ങുന്ന ഗ്രൂപ്പിൽ ഓരോ ആൾക്കും 27,700 രൂപയുമാണ് നിരക്ക്.
പാക്കേജിൽ ഉൾപ്പെടുന്നതും പെടാത്തതും
എയർകണ്ടീഷൻ ചെയ്ത താമസസൗകര്യം, എൻട്രി പെർമിറ്റുകൾ, എൻട്രി ടിക്കറ്റുകൾ, ഫെറി ടിക്കറ്റുകൾ, ഫോറസ്റ്റ് ഏരിയ പെർമിറ്റുകൾ എന്നിവ, ഭക്ഷണം, ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള ഗതാഗതവും ആഡംബര നികുതികളും മുതലായവ പാക്കേജിൽ ഉൾപ്പെടുന്നു. എയർ ടിക്കറ്റ്, ടെലിഫോൺ ബില്ലുകൾ, പാനീയങ്ങൾ, പോർട്ടർ, ഇൻഷുറൻസ്, മദ്യം, റൂം സർവീസ്, കാമറ ചാർജ്, ഹെർബൽ മസാജ് തുടങ്ങിയ വ്യക്തിഗത ചെലവുകൾ പാക്കേജിൽ ഉൾപ്പെടില്ല. കൂടാതെ, എലിഫൻറ ബീച്ചിലേക്കുള്ള ഓപ്‌ഷണൽ ടൂർ, ജല കായിക വിനോദങ്ങൾ തുടങ്ങിയവയ്ക്കും യാത്രക്കാർ സ്വന്തം പോക്കറ്റിൽ നിന്ന് കാശ് മുടക്കണം. കൂടുതൽ വിവരങ്ങൾക്ക് – irctctourism