ന്യൂഡൽഹി: സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ച പുനഃപരിശോധനാ സമിതിയുടെ റിപ്പോർട്ട് പഠിക്കാൻ സമിതിയെ നിയോഗിച്ചതിൽ സംസ്ഥാന സർക്കാരിനു സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ചീഫ് സെക്രട്ടറി വി. വേണു നേരിട്ടു ഹാജരായി വിശദീകരണം നൽകാൻ സുപ്രീം കോടതി നിർദേശം നൽകി.
നവംബർ 10നു ഹാജരാകണം. പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്റെ പകർപ്പു തേടി ജോയിൻറ് കൗൺസിലിന്റെ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണു സുപ്രീം കോടതി വിമർശനം. സുപ്രീം കോടതി നടപടികളെ ലഘവുമായി സർക്കാർ കാണരുതെന്നും കോടതി മുന്നറിയിപ്പു നൽകി.
2021 ഏപ്രിലിലാണു പുനഃപരിശോധനാസമിതി റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിനെക്കുറിച്ചു പഠിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചെന്നു സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അറിയിക്കവേ സുപ്രീംകോടതി രൂക്ഷവിമർശനമാണ് ഉയർത്തിയത്. 2021 ഏപ്രിലിൽ ലഭിച്ച റിപ്പോർട്ടിൽ ഇതുവരെ തീരുമാനം എടുക്കാത്തതിലായിരുന്നു വിമർശനം.
2013 ഏപ്രിൽ ഒന്നിനു സംസ്ഥാനത്ത് ആരംഭിച്ച പദ്ധതിയിൽ ഇപ്പോൾ ഒന്നര ലക്ഷം ജീവനക്കാരാണ് അംഗങ്ങൾ. ഇടതുമുന്നണി അധികാരത്തിൽ എത്തിയാൽ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്നു 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഒന്നാം പിണറായി സർക്കാരിന്റെ കാലാവധി പൂർത്തിയാകാറായപ്പോഴാണു സമിതിയെ ചുമതലപ്പെടുത്തിയത്. സമിതി നൽകിയ റിപ്പോർട്ട്
രണ്ട് വർഷമായിട്ടും സർക്കാർ പരിശോധനയ്ക്കെടുത്തില്ല.