കണ്ണൂരിൽ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്നും 832 ഗ്രാം സ്വർണം പിടികൂടി

Advertisement

കണ്ണൂർ: രാജ്യാന്തരവിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്കു ശേഷം പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്നും ഒരു കിലോയോളം വരുന്ന സ്വർണം പൊലിസ് പിടികൂടി. ചപ്പാരപടവ് സ്വദേശിയായ മുസ്തഫയിൽ നിന്നാണ് 47ലക്ഷം രൂപ വില വരുന്ന 832ഗ്രാം സ്വർണം പിടികൂടിയത്. വിമാനത്താവള പരിസരത്തു നിന്നും എയർപോർട്ട് പൊലിസാണ് സ്വർണം പിടികൂടിയത്.

കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ നിർദേശപ്രകാരം മട്ടന്നൂർ എയർപോർട്ട് പൊലിസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണവുമായി യാത്രക്കാരൻ പിടിയിലാവുന്നത്. ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു മുസ്തഫ. കസ്റ്റംസ് ചെക്കിങ് പരിശോധനയ്ക്കു ശേഷം പാസഞ്ചർ ടെർമിനൽ ബിൽഡിങിൽ നിന്നും പുറത്ത് ഇറങ്ങിയ യാത്രക്കാരനെ സംശയം തോന്നിയതിനെ തുടർന്ന് പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.