ആളില്ലാത്ത വീടുകളില്‍ പകല്‍ സമയത്ത് എത്തി കവര്‍ച്ച നടത്തുന്നയാള്‍ അറസ്റ്റില്‍. കൊളത്തറ മണക്കോട്ട് വീട്ടില്‍ ജിത്തു എന്ന വേതാളം ജിത്തുവാണ് അറസ്റ്റിലായത്. ഫറോക്ക് കഷായ പടി വാടക ക്വര്‍ട്ടേഴ്‌സില്‍ വച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
സെപ്റ്റംബര്‍ 27ന് ചാത്തമംഗലത്ത് ഒരു വീടിന്റെ പിന്‍വാതില്‍ പൊളിച്ചു അകത്തുകടന്ന് മേശയില്‍ സൂക്ഷിച്ചിരുന്ന 1.5 ലക്ഷം രൂപയും സാധനങ്ങളും മോഷ്ടിച്ചത് ഇയാളാണെന്നും പൊലീസ് പറഞ്ഞു. മുപ്പതോളം സിസിടിവി ദൃശ്യങ്ങളും അടുത്തിടെ ജയിലില്‍ നിന്നും ഇറങ്ങിയ പ്രതികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രതിയുടെ മോഷണം. രാവിലെ വാടക ക്വര്‍ട്ടേഴ്‌സില്‍ നിന്നും ഇറങ്ങുന്ന പ്രതി, ബസില്‍ കയറി മോഷ്ടിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഇറങ്ങും. റോഡരികിലെ വീടുകളില്‍ ചെന്ന് കോളിങ് ബെല്‍ അടിക്കുകയോ വാതിലില്‍ മുട്ടുകയോ ചെയ്തശേഷം ആളില്ല എന്ന് ഉറപ്പാക്കും. പിന്നീട് ഷൂവിനകത്തോ ചെടിച്ചട്ടിയിലോ ജനല്‍ പാളിക്കുള്ളിലോ പാത്രത്തിനടിയിലോ വീടിന്റെ താക്കോല്‍ ഉണ്ടോയെന്ന് പരിശോധിക്കും. താക്കോല്‍ കിട്ടിയാല്‍ വാതില്‍ തുറന്ന് അകത്തു കയറും. അല്ലെങ്കില്‍ കയ്യില്‍ കരുതിയിരിക്കുന്ന ബ്ലേഡ് കൊണ്ട് പൂട്ട് പൊളിച്ച് അകത്തു കയറിയാണ് കവര്‍ച്ച നടത്തിയിരുന്നത്.
തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 16 വീടുകളിലും നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്നു വീടുകളിലും സമാന രീതിയില്‍ കവര്‍ച്ച നടത്തിയതിന് ഇയാള്‍ക്കെതിരെ കേസുണ്ട്. സെപ്റ്റംബര്‍ അവസാനമാണ് പ്രതി ജയിലില്‍ നിന്ന് ഇറങ്ങിയത്.