ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ അടുക്കളയിൽ മാറ്റിവച്ചിരുന്ന ഗ്യാസ് കുറ്റിയിൽ നിന്നും പാചക വാതകം ചോർന്ന് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. വലിയ പൊട്ടിത്തെറിയാണ് ഉണ്ടായതെങ്കിലും തലനാരിഴക്ക് വൻ ദുരന്തം ഒഴിവായി.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 13 -ാം വാർഡ് കച്ചേരി മുക്കിന് തെക്ക് പൊന്നാലയം വീട്ടിൽ ബിനുവിൻറെ വീട്ടിലാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു അപകടം സംഭവിച്ചത്.
പാചക വാതക വിതരണക്കാരനായ ബിനുവിൻറെ വീട്ടിൽ അടുക്കളക്ക് സമീപം മാറ്റിവച്ചിരുന്ന ഗ്യാസ് കുറ്റിയിലെ പാചക വാതകമാണ് ചോർന്നത്. ഭാര്യ സ്മിത അടുക്കളയിൽ മറ്റൊരു ഗ്യാസ് സ്റ്റൗവിൽ വെള്ളം തിളപ്പിക്കുകയായിരുന്നു. ഈ സമയം അടുക്കളയിലുണ്ടായിരുന്ന ഫ്രിഡ്ജ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ തന്നെ ഇവർ മൂന്നര വയസുള്ള കുട്ടിയുമായി പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ ആണ് വൻ ദുരന്തം ഒഴിവായത്.
ഗ്യാസ് സ്റ്റൗവും കത്തിനശിച്ചു. മിക്സി, ജ്യൂസർ, കബോർഡ്, തുടങ്ങി അടുക്കള ഉപകരണങ്ങളും പാത്രങ്ങളും പൂർണമായി കത്തി നശിച്ചു. തകഴി, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നെത്തിയ നാലു യൂണിറ്റ് ഫയർഫോഴ്സ് സംഘമാണ് തീ പൂർണമായും അണച്ചത്. തകഴി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് അപകട സാധ്യതയില്ലാതാക്കിയത്.
പാചക വാതകം മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ പ്രത്യേക സജ്ജീകരണമുള്ള വാഹനത്തിന്റെ സഹായത്തോടെയാണ് തീയണച്ചത്. രക്ഷാ പ്രവർത്തനത്തിനിടെ അസ്വസ്ഥതയുണ്ടായ വീട്ടുടമ ബിനു ചികിത്സ തേടി.