പലസ്തീൻ ഐക്യദാർഢ്യ സദസ്, മുസ്ലിം ലീഗിനെ ക്ഷണിച്ച പണി പറ്റിയെന്ന് സിപിഎം

Advertisement

തിരുവനന്തപുരം.പലസ്തീൻ ഐക്യദാർഢ്യ സദസ്സിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ച രാഷ്ട്രീയ നീക്കം വിജയിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. യുഡിഎഫിലെ ഭിന്നത പുറത്തുകൊണ്ടുവരാൻ നീക്കത്തിലൂടെ സാധിച്ചു. പലസ്തീൻ വിഷയത്തിൽ കോൺഗ്രസ് പ്രതിരോധത്തിൽ ആണെന്നും സിപിഎം വിലയിരുത്തുന്നു.

പലസ്തീന്‍ ഐക്യദാർഢ്യ സദസ്സിൽ മുസ്ലിം ലീഗ് പങ്കെടുക്കുമെന്ന് അമിത പ്രതീക്ഷയില്ല. പങ്കെടുത്താലും ഇല്ലെങ്കിലും വിഷയം ചർച്ചയാക്കാൻ കഴിഞ്ഞത് രാഷ്ട്രീയ നേട്ടമായെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. പലസ്തീൻ വിഷയത്തില്‍ കോണ്‍ഗ്രസ് കൃത്യമായ നിലപാട് സ്വീകരിക്കാത്തതില്‍ മുസ്ലീം ലീഗിനുള്ള അതൃപ്തിയാണ് ചില നേതാക്കളുടെ പ്രതികരണങ്ങളിലൂടെ പുറത്ത് വന്നതെന്നാണ് സിപിഎമ്മിന്റെ നിഗമനം. പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് നിലപാടില്ലെന്ന് സിപിഎം നേരത്തെയും ആരോപിച്ചിരുന്നു. ഐക്യദാർഢ്യ സദസ്സിൽ പങ്കെടുക്കുമെന്ന ലീഗ് നേതാക്കളുടെ നിലപാടിനെ പ്രശംസിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ രംഗത്ത് വന്നിരുന്നു.

നാളത്തെ മുസ്ലീം ലീഗിന്‍റെ തീരുമാനം അനുസരിച്ചു സിപിഐഎം തുടർനിലപാട് സ്വീകരിക്കും.