കണ്ണൂർ ചിറക്കലിൽ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേർക്ക് വെടിവെപ്പ്; ഒരാൾ പിടിയിൽ

Advertisement

കണ്ണൂർ :ചിറയ്ക്കലിൽ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. അതേസമയം പ്രതി പോലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടു. ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.

തമിഴ്‌നാട് സ്വദേശിയെ ആക്രമിച്ച കേസിൽ പ്രതിയായ റോഷനെ പിടികൂടാനാണ് പോലീസ് സംഘം ചിറക്കൽചിറയിലെ ഇയാളുടെ വീട്ടിലെത്തിയത്. രണ്ട് നില വീടിന്റെ പിന്നിലുള്ള കോണിപ്പടി കയറി പോലീസ് സംഘം മുകൾ നിലയിലെത്തി. റോഷന്റെ മുറിക്ക് മുന്നിൽ നിന്ന് വാതിലിൽ മുട്ടി വിളിക്കുന്നതിനിടെയാണ് റോഷന്റെ പിതാവ് ബാബു തോമസ് പെട്ടെന്ന് പോലീസിന് നേരെ വെടിയുതിർത്തത്.

എസ് ഐ അടക്കം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഈ സമയത്ത് റോഷൻ ഓടി രക്ഷപ്പെട്ടു. പോലീസുകാർ ചേർന്ന് ബാബു തോമസിനെ കീഴ്‌പ്പെടുത്തി. റോഷൻ നിരവധി കേസുകളിൽ പ്രതിയാണ്. ഇയാൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.