മുസ്ളിം ലീഗ് പതിയെ ഇടത്തേക്ക് നീങ്ങുന്നോ,നിർണായക നേതൃയോഗം ഇന്ന്

Advertisement

കോഴിക്കോട്. മുസ്ലീം ലീഗിൻ്റെ നിർണായക നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും.  സി പി എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതിൽ യോഗം തീരുമാനം എടുക്കും. അതേസമയം, ലീഗിനെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.

സി പി എം ഈ മാസം 11 ന്   കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കണമെന്ന അഭിപ്രായം ലീഗിൽ ശക്തമാണ്. ഇതിന് തുടക്കമിട്ട ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ നിലപാട് ആവർത്തിക്കുയും ചെയ്തു. സി പി എം ക്ഷണത്തെ എതിർത്ത് ലീഗ് നേതാക്കളാരും രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

നേരത്തെ സി പി എം സംഘടിപ്പിച്ച ഏക സിവിൽ കോഡ് സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചിരുന്നെങ്കിലും ലീഗ് നിരസിച്ചിരുന്നു. യുഡിഎഫിൽ നിന്ന് കൊണ്ട് പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ നിലവിലെ സാഹചര്യം വ്യത്യസ്തമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയരാത്തതിലും ലീഗ് മനുഷ്യാവകാശ റാലിയിൽ ശശി തരൂർ നടത്തിയ വിവാദ പരാമർശം തിരുത്താത്തതിലും ലീഗിന് അതൃപ്തിയുണ്ട്. കെ സുധാകരൻ്റെ പട്ടി പരാമർശത്തിൽ ലീഗ് കടുത്ത അമർഷത്തിലുമാണ്. മൃഗങ്ങളോട് പ്രതികരിക്കാനില്ലെന്ന പി എം എ സലാമിൻ്റെ  രൂക്ഷമായ പ്രതികരണം ഇതിൻ്റെ തെളിവായി.  അതിനിടെ, റാലിയിൽ നിന്ന് ലീഗിനെ പിന്തിരിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. കെ സുധാകരൻ പി കെ കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ചുവെങ്കിലും മയപ്പെട്ടിട്ടില്ല.
സി പി എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുമെന്ന്  സമസ്ത വ്യക്തമാക്കിയിട്ടുണ്ട്.