തൃശൂർ. ശ്രീ കേരളവർമ്മ കോളജിലെ തെരഞ്ഞെടുപ്പ് വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഫോൺ കോളുകൾ പരിശോധിക്കണമെന്ന് കെഎസ്‌യു . മന്ത്രി ആർ ബിന്ദു പെരുമാറുന്നത് തനി എസ്എഫ്ഐക്കാരുടെ നിലവാരത്തിലാണെന്ന് കെ എസ് യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവിയർ. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള അലോഷ്യസിന്റെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.
കേരളവർമ്മ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ ആർ ബിന്ദുവിനെതിരെ കെ എസ് യു നടത്തിയത് രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് പിന്നിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ്. തെരഞ്ഞെടുപ്പ് നടന്ന അന്നും മന്ത്രി ഫോണിൽ ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകിയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവിയർ.
കെഎസ്‌യു സമരം ഏറ്റെടുക്കാൻ കോൺഗ്രസും നീക്കം തുടങ്ങി. മുതിർന്ന നേതാക്കളെ ഉൾപ്പെടെ സമരപ്പന്തലിൽ എത്തിച്ച വിഷയം സംസ്ഥാനതലത്തിൽ ചർച്ചയാക്കാൻ ആണ് കോൺഗ്രസ് പദ്ധതി. ഇതിൻറെ ഭാഗമായി കെ സി വേണുഗോപാൽ നാളെ തൃശൂരിൽ എത്തും. യൂണിയൻ തെരഞ്ഞെടുപ്പ് എസ്എഫ്‌ഐ അട്ടിമറിച്ചുവെന്നും വോട്ടെണ്ണലില്‍ കൃത്രിമത്വം നടത്തിയെന്നും ചൂണ്ടിക്കാട്ടി കെ എസ് യു സമർപ്പിച്ച ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. മാത്യു കുഴൽനാടൻ എംഎൽഎയാണ് കെഎസ്‌യുവിന് വേണ്ടി ഹാജരാകുക.