സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപകമായി ശക്തമായ മഴ തുടരാൻ സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ആലപ്പുഴ കോട്ടയം എറണാകുളം തൃശ്ശൂർ പാലക്കാട് വയനാട് കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട ഇടുക്കി മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് മുന്നറിയിപ്പ് നൽകി.മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴ കനക്കാൻ സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. കേരള- തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. തെക്കൻ തമിൾനാടിനു മുകളിൽ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 3 ദിവസത്തിനുള്ളിൽ മധ്യ കിഴക്കൻ അറബികടലിലേക്ക് നീങ്ങി ബുധനാഴ്ച്ചയോടെ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.