കോൺഗ്രസ് വിലക്ക് ലംഘിച്ച് കേരളീയം പരിപാടിയിൽ മണിശങ്കർ അയ്യർ; പരാതി നൽകിയെന്ന് സതീശൻ

Advertisement

തിരുവനന്തപുരം:
സംസ്ഥാന കോൺഗ്രസിന്റെ ബഹിഷ്‌കരണത്തിനിടെ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മണി ശങ്കർ അയ്യർ കേരളീയം പരിപാടിയിൽ പങ്കെടുത്തത് പാർട്ടിയെ ധിക്കരിച്ചാണെന്നും എഐസിസിയെ പരാതി അറിയിച്ചുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയത്തിൽ കൂടുതൽ പ്രതികരിക്കേണ്ടെന്നതാണ് തീരുമാനം. വേണ്ടപ്പെട്ടവരെ പരാതി അറിയിച്ചതായും സതീശൻ കൂട്ടിച്ചേർത്തു.

സംസ്ഥാന കോൺഗ്രസ് പരിപാടി ബഹിഷ്‌കരിച്ചതിനിടെയാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ മണി ശങ്കർ അയ്യർ പരിപാടിയിൽ ഇന്ന് പങ്കെടുത്തത്. കോൺഗ്രസിന് വലിയ നാണക്കേട് ഉണ്ടാക്കിയ സംഭവമായിരുന്നുവിത്. കോൺഗ്രസ് നേതൃത്വം പങ്കെടുക്കരുതെന്ന് അറിയിച്ചിരുന്നുവെങ്കിലും പഞ്ചായത്ത് രാജിനെ കുറിച്ച് സംസാരിക്കാനുള്ള അവസരമായാണ് കേരളീയം സെമിനാറിനെ കാണുന്നതെന്ന് മണിശങ്കർ അയ്യർ പ്രസംഗത്തിൽ പറഞ്ഞത്.

കേരളീയം വേദിയെ കണ്ടത് രാഷ്ട്രീയമായല്ല. കേരളത്തിലെ പ്രാദേശിക സർക്കാരുകൾ എന്ന വിഷയത്തിൽ പഞ്ചായത്ത് രാജിനെ കുറിച്ച് പറയാനുള്ള അവസരമെന്ന നിലയിലാണ്. രാജീവ് ഗാന്ധിയുടെ ആശയം മികച്ച നിലയിൽ നടപ്പാക്കിയ സംസ്ഥാനം കേരളമാണെന്നും അതി ദാരിദ്ര്യം തുടച്ചുനീക്കാൻ ഇതേറെ ഗുണം ചെയ്തിട്ടുണ്ടെന്നും മണിശങ്കർ അയ്യർ പ്രസംഗിച്ചിരുന്നു.

Advertisement