‘നിലാവു കുടിച്ച സിംഹങ്ങള്‍’ എന്ന തന്റെ ആത്മകഥ പിന്‍വലിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. പുസ്തകം പിന്‍വലിക്കാന്‍ പ്രസാധകരോട് നിര്‍ദേശിച്ചതായി അദ്ദേഹം പറഞ്ഞു. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനെതിരെയുള്ള പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് പിന്‍മാറ്റം.
ഷാര്‍ജ പുസ്തകോത്സവത്തില്‍ നാളെയായിരുന്നു പ്രകാശന ചടങ്ങ് തീരുമാനിച്ചത്. ഐഎസ്ആര്‍ഒ ചെയര്‍മാനായി താന്‍ എത്തുന്നത് തടയാന്‍ മുന്‍ ചെയര്‍മാന്‍ കെ. ശിവന്‍ ശ്രമം നടത്തിയെന്നുള്‍പ്പടെ എസ്. സോമനാഥ് പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു. പരീക്ഷണങ്ങളും അവലോകനവും നടത്താതെ ധൃതിയിലാണ് ചന്ദ്രയാന്‍-2 വിക്ഷേപണം നടത്തിയതെന്നും ഇതാണ് പരാജയപ്പെടാനുള്ള കാരണമെന്നും സോമനാഥ് വെളിപ്പെടുത്തുന്നു.
ചന്ദ്രയാന്‍ 2 ദൗത്യം ചന്ദ്രനില്‍ ഇറങ്ങുന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍ സ്വീകരിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താതെ തന്നെ അകറ്റി നിര്‍ത്തി. സോഫ്റ്റ്വെയറിലെ തകരാറാണ് ലാന്‍ഡിങ് പരാജയപ്പെടാന്‍ കാരണമെന്ന സത്യം തുറന്നു പറയുന്നതിന് പകരം ലാന്‍ഡറുമായുള്ള ബന്ധം സ്ഥാപിക്കാനാകുന്നില്ല എന്നാണ് ചെയര്‍മാന്‍ പ്രഖ്യാപിച്ചത്. അത് കൂടുതല്‍ വിഷമിപ്പിച്ചു.
നിരവധി ആരോപണങ്ങളാണ് ഈ പുസ്തകത്തില്‍ മുന്‍ ചെയര്‍മാനെതിരെ സോമനാഥ് ഉന്നയിക്കുന്നത്. തനിക്ക് കിട്ടേണ്ട തസ്തിക കിട്ടാതിരിക്കാന്‍ വേണ്ടി ശ്രമം നടത്തി. ചെയര്‍മാനായ ശേഷവും വിഎസ്സിസി ഡയറക്ടര്‍ സ്ഥാനം കൈവശം വെച്ചു. 3 വര്‍ഷം ചെയര്‍മാനായിരുന്ന ശേഷം വിരമിക്കുന്നതിന് പകരം കാലാവധി നീട്ടിയെടുക്കാന്‍ ശിവന്‍ ശ്രമിച്ചു. അടുത്ത ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സമയമായപ്പോള്‍ യു.ആര്‍. റാവു സ്‌പേസ് സെന്ററിന്റെ ഡയറക്ടറെ സ്‌പേസ് കമ്മിഷനിലേക്കു കൊണ്ടുവന്നത് തനിക്ക് ചെയര്‍മാന്‍ സ്ഥാനം ലഭിക്കില്ലെന്ന് ബോധ്യപ്പെടുത്താനായിരുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഈ പുസ്തകത്തില്‍ പറയുന്നു. കോഴിക്കോട് ലിപി പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.