തൃശൂര്‍.കളമശ്ശേരി സ്ഫോടനത്തില്‍ കൊല്ലപ്പെട്ട പന്ത്രണ്ടു വയസ്സുകാരി ലിബ്നയുടെ മൃതദേഹം സംസ്കരിച്ചു. ലിബ്ന പഠിച്ച കാലടിയിലെ നീലീശ്വരം സ്കൂളിലെ പൊതുദർശനത്തിന് ശേഷം കൊരട്ടി യഹോവ സാക്ഷികളുടെ ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്.
കളമശ്ശേരി സ്ഫോടനം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴാണ് മരിച്ച പന്ത്രണ്ട് വയസ്സുകാരി ലിബ്നയുടെ മൃതദേഹം സംസ്കരിക്കുന്നത്. സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള അമ്മക്കും സഹോദരനും ലിബ്നയെ ഒരു നോക്ക് കാണിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്ര ദിവസം ശരീരം മോർച്ചറിയിൽ സൂക്ഷിച്ചത്. ഇവർക്ക് ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതി ഇല്ലാത്തതിനെ തുടർന്ന് മൃതദേഹം സംസ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു.
ലിബിന പഠിച്ചിരുന്ന മലയാറ്റൂർ നീലീശ്വരം എസ്എൻഡിപി സ്‌കൂളിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ സഹപാഠികളും അധ്യാപകരുമടക്കം നൂറ് കണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
ലിബ്‌നക്ക് യാത്രമൊഴി നൽകാൻ റോസാ പൂക്കളുമായാണ് സഹപാഠികൾ എത്തിയത്. ദുഖം അണപൊട്ടിയ കാഴ്ചയായിരുന്നു എങ്ങും.
സ്കൂളിലെ പൊതുദർശനത്തിന് ശേഷം 12 മണിയോടെ മൃതദേഹം മലയാറ്റൂരിലെ വീട്ടിലെത്തിച്ചു. വീട്ടിലും നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. 2.30 ന് സംസ്‌ക്കാര ശുശ്രൂഷകൾ ആരംഭിച്ചു. 3 മണിയോടെ സംസ്‌ക്കാരത്തിനായി വീട്ടിൽ നിന്നും ലിബ്‌നയെ എടുത്തുവെങ്കിലും കനത്ത മഴയായതിനാൽ സംസ്കാരം വൈകി. ആറു മണിയോടെ തൃശൂർ കൊരട്ടിയിലെ യഹോവ സാക്ഷികളുടെ ശ്മശാനത്തിലാണ് ലിബ്നയെ സംസ്കരിച്ചത്.