2023 നവംബർ 05 ഞായർ
🌴 കേരളീയം 🌴
🙏കാസർഗോഡ് പൈവളിഗ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരെത്തടുപ്പിൽ സി പി എം – യു ഡി എഫ് സഖ്യത്തെ അട്ടിമറിച്ച് സിപിഐ ബിജെപി സഖ്യം ഭരണം പിടിച്ചു.11 അംഗ ഭരണ സമിതിയിൽ 9 സീറ്റുകളാണ് സി പി ഐ ബി ജെ പി സഖ്യം നേടിയത്.
🙏സി പി എമ്മുമായുള്ള സ്ഥാനാർത്ഥി ചർച്ചകൾ പരാജയപ്പെട്ടതിനാലാണ് സി പി ഐ പുതിയ പരീക്ഷണത്തിനിറങ്ങിയത്.രാത്രി വൈകിയാണ് ഫലപ്രഖ്യാപനമുണ്ടായത്. സി പി എം പ്രവർത്തകർ സി പി ഐ യ്ക്ക് എതിരെ പ്രതിഷേധ പ്രകടനം നടത്തി.
🙏പലസ്തീന്‍ വിഷയത്തില്‍ കോഴിക്കോടിനു പുറമേ തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കൂടി ഐക്യദാര്‍ഢ്യ റാലികള്‍ നടത്താനൊരുങ്ങി സിപിഎം. പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് വ്യക്തമായ നിലപാടെടുക്കാത്തതില്‍ ലീഗ് അണികളില്‍ അതൃപ്തി ഉണ്ടെന്നും അത് ഇത്തരം റാലികളിലൂടെ മുതലെടുക്കാനാകുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.
🙏സിപിഎം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ ലീഗ് പങ്കെടുക്കില്ലെന്ന ഔദ്യോഗിക അറിയിപ്പിന് പിന്നാലെ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി. പലസ്തീന്‍ വിഷയത്തില്‍ ലീഗിന് കൃത്യമായ നിലപാടുണ്ടെന്നും യുഡിഎഫിന്റെ ഒരു കക്ഷി എന്ന നിലയില്‍ സാങ്കേതികമായി റാലിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
🙏പലസ്തീന്‍ വിഷയത്തെ തരികിട രാഷ്ട്രീയത്തിനായി സിപിഎം ഉപയോഗിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎം ലീഗിന്റെ പുറകെ നടക്കുകയാണെന്നും പക്ഷേ മുന്നണിക്ക് ഹാനികരമായ ഒന്നും ലീഗ് ചെയ്യില്ലെന്നും കോണ്‍ഗ്രസും ലീഗും ജേഷ്ഠാനുജന്‍മാര്‍ തമ്മിലുള്ള ബന്ധമാണെന്നും സതീശന്‍ പറഞ്ഞു.
🙏ഇടതു മുന്നണി ദുര്‍ബലമായത് കൊണ്ടാണ് ലീഗിനെ സിപിഎം തുടരെ തുടരെ ക്ഷണിക്കുന്നതെന്നും ഈ സര്‍ക്കാരിനെ ഒരാള്‍ക്കും പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലീഗ് ഒരു പ്രബല ശക്തി ആണെന്ന് സിപിഎമ്മിന് മനസിലായി. ആ വെള്ളം വാങ്ങി വെച്ചാല്‍ മതിയെന്നും യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ചെന്നിത്തല പറഞ്ഞു.
🙏കേരളത്തെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. പഞ്ചായത്തിരാജ് നിയമം നടപ്പാക്കുന്നതിലും അധികാര വികേന്ദ്രീകരണം സാധ്യമാക്കുന്നതിലും ഒന്നാം സ്ഥാനത്താണ് കേരളമെന്നാണ് മണിശങ്കര്‍ അയ്യരുടെ അഭിപ്രായം. പാര്‍ട്ടി വിലക്ക് ലംഘിച്ച് കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🙏മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍ കേരളീയം പരിപാടിയില്‍ പങ്കെടുത്തത് പാര്‍ട്ടിയെ ധിക്കരിച്ചാണെന്നും എഐസിസിയെ പരാതി അറിയിച്ചുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കേണ്ടന്നാണ് തീരുമാനമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
🙏ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ സി കെ. ജാനുവിന് പണം നല്‍കിയെന്ന തെരഞ്ഞെടുപ്പ് കോഴ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. ഈ മാസം 14ന് കല്‍പ്പറ്റയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി.
🙏ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഹാമാരികളെ കേരളം നേരിട്ട വിധം’ എന്ന വിഷയത്തില്‍ കേരളീയം സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
🙏രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (ബി). നവകേരള സദസിന് മുന്‍പ് പുനഃസംഘടന വേണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് മുന്നണി നേതൃത്വത്തിന് കത്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
🙏കെപിസിസി വിലക്ക് ലംഘിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി നടത്തിയ ആര്യാടന്‍ ഷൗക്കത്തിന്റേത് അച്ചടക്ക ലംഘനം തന്നെയാണെന്ന് കെപിസിസി. ആര്യാടന്‍ ഷൗക്കത്ത് നടത്തിയത് പരസ്യ വെല്ലുവിളിയാണെന്നും വിശദീകരണം തൃപ്തികരമല്ലെന്നും കെപിസിസി നേതൃത്വം. അതേസമയം ആര്യാടന്‍ ഷൗക്കത്തിനെതിരായ നടപടിയില്‍ തീരുമാനം കെപിസിസി അച്ചടക്ക സമിതിക്ക് വിട്ടു. വിഷയത്തില്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കും.
🙏ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ പാരാസെറ്റമോള്‍, പാന്റോപ്രസോള്‍ തുടങ്ങിയ 12 ഇനം മരുന്നുകള്‍ സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോളര്‍. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്.
🙏മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവനെതിരായ വിവാദ പരാമര്‍ശമുള്ള ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥിന്റെ പുസ്തകം പ്രസിദ്ധീകരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ‘നിലാവ് കുടിച്ച സിംഹങ്ങള്‍’ എന്ന ആത്മകഥ തല്‍ക്കാലം പിന്‍വലിക്കുന്നുവെന്നും എസ്.സോമനാഥ് പറഞ്ഞു.
🙏അതിരപ്പിള്ളി – മലക്കപ്പാറ റോഡില്‍ ഗതാഗത നിയന്ത്രണം. അമ്പലപ്പാറ റോഡിന്റെ സൈഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് നവംബര്‍ ആറാം തീയതി മുതല്‍ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ അറിയിച്ചു.
🙏പാളം പരിശോധിക്കുന്നതിനിടെ കാസര്‍കോട് കുമ്പള ഷിറിയയില്‍ ട്രാക്ക് മാന്‍ ട്രെയിന്‍ തട്ടി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി പഗോട്ടി നവീന്‍ (25) ആണ് മരിച്ചത്.
🙏കൊച്ചിയിലെ നാവിക ആസ്ഥാനമായ ഐഎന്‍എസ് ഗരുഡയിലുണ്ടായ പരിശീലന പറക്കലിനിടെ നാവികസേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ഹെലികോപ്ടറിലുണ്ടായിരുന്ന രണ്ട് പേരില്‍ ഒരാള്‍ മരിച്ചു. യോഗീന്ദര്‍ എന്ന നാവികനാണ് മരിച്ചത്.
🇳🇪 ദേശീയം 🇳🇪
🙏മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ റേഷന്‍ പദ്ധതി അടുത്ത 5 വര്‍ഷത്തേക്കു കൂടി നീട്ടുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാകുമെങ്കിലും തന്റെ 80 കോടി ജനങ്ങളുടെ വീടുകളില്‍ അടുപ്പുകള്‍ കത്തിക്കൊണ്ടിരിക്കുമെന്ന മോദിയുടെ ഉറപ്പാണിതെന്നും തിരഞ്ഞെടുപ്പ് റാലിക്കിടെ അദ്ദേഹം പ്രഖ്യാപിച്ചു.
🙏ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ, നാരായണ്‍പൂരില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രത്തന്‍ ദുബെയെ കൊലപ്പെടുത്തി. മാവോയിസ്റ്റുകളാണ് കൊലപ്പെടുത്തിയതെന്നാണ് സംശയം.
🙏ഛത്തീസ്ഘഢ് മുഖ്യമന്ത്രി ഭൂപേഷ് സിംഗ് ബാഗേല്‍ ഇഡിയെ ഭയന്ന് തുടങ്ങിയെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് ഇഡി ഉന്നയിച്ച ആരോപണം ഏറ്റെടുത്ത പ്രധാനമന്ത്രി ബാഗേലിന്റെ ദുബായ് ബന്ധം വെളിവാക്കണമെന്നും ആവശ്യപ്പെട്ടു.
🙏തിരഞ്ഞെടുപ്പ് തോല്‍വി ഉറപ്പിച്ചതോടെയാണ് ബിജെപി ചത്തീസ്ഗഢില്‍ ഇഡിയെ രംഗത്തിറക്കിയതെന്ന് കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഇ.ഡി ബിജെപിയുടെ ഇലക്ഷന്‍ ഡിപാര്‍ട്ട്മെന്റ് ആണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ബിജെപിക്കു തന്നെ ഭയമാണെന്നു ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും പറഞ്ഞു.
🙏മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്. പാര്‍ട്ടി തീരുമാനിച്ച ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച 39 നേതാക്കളെയാണ് കമല്‍നാഥ് പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്. മുന്‍ എംപി പ്രേംചന്ദ് ഗുഡ്ഡു, മുന്‍ എംഎല്‍എമാരായ അന്തര്‍ സിങ് ദര്‍ബാര്‍, യാദവേന്ദ്ര സിങ്, പാര്‍ട്ടി സംസ്ഥാന വക്താവ് അജയ് സിങ് യാദവ് തുടങ്ങിയവര്‍ പുറത്താക്കിയവരുടെ ലിസ്റ്റിലുണ്ട്.
🙏രാജസ്ഥാനില്‍ മുതിര്‍ന്ന നേതാവ് വസുന്ധര രാജെയുടെ പിണക്കം മാറ്റി ബിജെപി. രണ്ടാം ഘട്ട പട്ടികയില്‍ സ്വന്തം സീറ്റായ ജലാറപഠാനില്‍നിന്ന് വസുന്ധരയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ബിജെപി ആ പട്ടികയിലും അടുത്ത പട്ടികയിലും വസുന്ധര പക്ഷക്കാര്‍ക്കു കൂടുതല്‍ സീറ്റുകള്‍ നല്‍കി.
🙏നവംബര്‍ 19-ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ ആക്രമിക്കപ്പെടുമെന്ന സൂചന നല്‍കി ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ നേതാവും നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ തലവനുമായ ഗുര്‍പത്വന്ത് സിംഗ് പന്നൂനിന്റെ വീഡിയോ. നവംബര്‍ 19-ന് നടക്കുന്ന ആഗോള ഉപരോധത്തിന്റെ ഭാഗമായി തങ്ങള്‍ എയര്‍ ഇന്ത്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും നവംബര്‍ 19ന് സിഖ് സമൂഹത്തിലുള്ളവര്‍ എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഉപയോഗിക്കരുതെന്നും അല്ലെങ്കില്‍ അത് നിങ്ങളുടെ ജീവന് അപകടമുണ്ടാക്കിയേക്കാമെന്നും സന്ദേശത്തില്‍ പറയുന്നു.
🇦🇺 അന്തർദേശീയം 🇦🇽
🙏നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 157 ആയി. 190 പേര്‍ക്ക് പരിക്കേറ്റു. പ്രകമ്പനമുണ്ടായ ജാജര്‍കോട്ട്, റുകും വെസ്റ്റ് ജില്ലകളിലാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്.
🙏ഗാസയിലെ സാഹചര്യം ഭയപ്പെടുത്തുന്നുവെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഗാസയില്‍ സുരക്ഷിതമായ ഒരു ഇടം പോലുമില്ലെന്നും ഗാസയിലെ ആംബുലന്‍സ് വ്യൂഹത്തിന് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണം ഞെട്ടലുണ്ടാക്കുന്നുവെന്നും ഗുട്ടെറസ് വ്യക്തമാക്കി. ആംബുലന്‍സ് വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്.
⚽ കായികം 🏏
🙏ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാമത്. ആറ് മത്സരങ്ങില്‍ നിന്ന് നാല് വിജയങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പ്.
🙏ഫഖര്‍ സമാന്റെ വെടിക്കെട്ടും മഴയും പാകിസ്ഥാനെ തുണച്ചു. ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലാണ്ടിനെതിരെ പാകിസ്ഥാന് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് 108 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയുടേയും 95 റണ്‍സെടുത്ത കെയ്ന്‍ വില്യംസണിന്റേയും മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സെടുത്തു.
🙏 മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ ഫഖര്‍ സമാന്‍ 81 പന്തില്‍ നേടിയ 128 റണ്‍സിന്റെ മികവില്‍ 25.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ മഴ കളി തടസപ്പെടുത്തി. തുടര്‍ന്ന് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാകിസ്ഥാനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
🙏 21 റണ്‍സിനായിരുന്നു പാകിസ്താന്റെ ജയം. മത്സരത്തില്‍ തോറ്റെങ്കിലും 8 കളികളില്‍ നിന്ന് 8 പോയിന്റുമായി ന്യൂസിലാണ്ട് നാലാം സ്ഥാനത്താണ്. 8 പോയിന്റുണ്ടെങ്കിലും റണ്‍ ശരാശരിയില്‍ പിറകിലുള്ള പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്.
🙏ഏകദിന ക്രിക്കറ്റ് ലോക കപ്പിലെ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ലോകകപ്പില്‍ നിന്ന് പുറത്ത്. ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് 33 റണ്‍സിന് തോറ്റതോടെയാണ് ഇംഗ്ലണ്ട് സെമി പ്രവേശനം നേടാതെ പുറത്തായത്.
🙏 ഓസീസ് ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 48.1 ഓവറില്‍ 253 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ഏഴ് കളികളില്‍ നിന്ന് 10 പോയിന്റ് നേടിയ ഓസ്ട്രേലിയ ഈ ജയത്തോടെ സെമി സാധ്യത സജീവമാക്കി.