സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്ത് നടക്കുന്നത് വലിയ ധൂര്‍ത്താണെന്നും പണം അനാവശ്യമായി പാഴാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പണം ഉപയോഗിച്ച് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിക്കുന്നു. അതേസമയം പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരിന് കാശില്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന ഗവര്‍ണറുടെ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ആരിഫ് മുഹമ്മദ് ഖാന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാര്‍ ഗവര്‍ണറെ കാര്യങ്ങള്‍ അറിയിക്കുന്നില്ല. എല്ലാ ഭരണഘടനാ സീമകളും സര്‍ക്കാര്‍ ലംഘിക്കുകയാണ്.
സര്‍വ്വകലാശാല ബില്ല് പാസാക്കുന്നതിന് മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങണമായിരുന്നു. ധനബില്ലാണ്. അതില്‍ പാലിക്കേണ്ട ഉത്തരവാദിത്വങ്ങള്‍ സര്‍ക്കാര്‍ ചെയ്തില്ല. മുഖ്യമന്ത്രിയാണ് ബില്ലിനെ കുറിച്ച് വിശദീകരിക്കാന്‍ വരേണ്ടത്. അതുണ്ടായില്ല. മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിക്കാതെ ബില്ലില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു.