തൃശ്ശൂര്‍.പ്രധാനമന്ത്രിക്കും ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരേ തൃശൂർ അതിരൂപതയുടെ മുഖപത്രം കത്തോലിക്കാ സഭയിൽ വന്ന ലേഖനം തള്ളി അതിരൂപത.
പരാമർശങ്ങൾ ഔദ്യോഗിക നിലപാടല്ലെന്ന് അതിരൂപതാ വക്താവ് ഫാ. സിംസൺ സി. എസ്. അറിയിച്ചു. സഭക്ക് കീഴിൽ പ്രവർത്തിക്കുന്ന കത്തോലിക്കാ കോൺഗ്രസ് എന്ന സംഘടനയുടെ നിലപാടാണ് പത്രത്തിൽ വന്നതെന്നാണ് വിശദീകരണം
കത്തോലിക്കാ സഭയിൽ വന്ന ലേഖനം പ്രതിപക്ഷ പാർട്ടികൾ സുരേഷ് ഗോപിക്കും ബിജെപിയും എതിരെയുള്ള രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് തൃശൂർ അതിരൂപത നിലപാട് മയപ്പെടുത്തുന്നത്. കത്തോലിക്കാ സഭയിൽ വന്ന ലേഖനവും പരാമർശങ്ങളും സഭയുടെ ഔദ്യോഗിക നിലപാടല്ലെന്നാണ് അതിരൂപത വിശദീകരിക്കുന്നത്. അതിരൂപതയ്ക്കു കീഴിൽ നിരവധി സംഘടനകൾ ഉണ്ട്. രാഷ്ട്രീയകാര്യ പ്രവർത്തനങ്ങളിൽ ഇടപെടുന്ന സംഘടനയായ കത്തോലിക്ക കോൺഗ്രസിന്റെ നിലപാടാണ് പത്രത്തിൽ പ്രതിഫലിച്ചതെന്നാണ് വിശദീകരണം. മണിപ്പൂർ വിഷയത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നതും ഈ സംഘടനയാണെന്നും അതിരൂപത ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ പറയാനുള്ളത് അതിരൂപത പറഞ്ഞു കഴിഞ്ഞു എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
മണിപ്പൂർ കലാപസമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്ക് മനസിലാകുമെന്നായിരുന്നു ലേഖനത്തിലെ പ്രധാന വിമര്‍ശനം. തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതു കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നാണ് സുരേഷ്ഗോപിക്ക് നേരെയുള്ള പരിഹാസം. ‘മണിപ്പൂരിലും യു.പിയിലും നോക്കിയിരിക്കേണ്ട, അതൊക്കെ നോക്കാന്‍ അവിടെ ആണുങ്ങളുണ്ട്’ എന്ന സുരേഷ്ഗോപിയുടെ പ്രസ്താവനയെയാണ് ഈ പരാമർശത്തിലൂടെ വിമർശിച്ചത്.