കേരളവര്‍മ കോളേജിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെതിരെ നല്‍കിയ കേസ് ഇടക്കാല ഉത്തരവില്ല,മാനേജരേയും പ്രിന്‍സിപ്പലിനെയും കക്ഷി ചേര്‍ത്തു

Advertisement

കൊച്ചി.കേരളവര്‍മ കോളേജിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെതിരെ കെ എസ് യു സ്ഥാനാര്‍ത്ഥി ശ്രീകുട്ടന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവില്ലെന്ന് ഹൈക്കോടതി. പോൾ ചെയ്ത വോട്ടുകൾ സംബന്ധിച്ച് ചില വ്യത്യാസം നിലനിൽക്കുന്നുണ്ട്. അത് മനസിലാക്കണം എന്ന് കോടതി നിരീക്ഷിച്ചു. വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും.

കേരളവര്‍മ്മ തെരഞ്ഞെടുപ്പ് ഹര്‍ജി പരിഗണിക്കവേ ശ്രീക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചതിന് രേഖകൾ ഉണ്ടോയെന്ന് കോടതിയുടെ ചോദ്യം. വാക്കാൽ പ്രഖ്യാപിച്ചിരുന്നെന്നും എന്നാല്‍ മാനേജരുടെ ഇടപെടലിലൂടെ പിന്നീട് എസ്എഫ്ഐ സ്ഥാനാർത്ഥി വിജയിച്ചതായി പ്രഖ്യാപിച്ചെന്നും ഹര്‍ജിക്കാരന്റെ മറുപടി. പ്രിന്‍സിപ്പല്‍ ഇതിന് സാക്ഷിയാണെന്ന് കൂടി ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചതോടെ മാനേജർ, പ്രിൻസിപ്പൽ എന്നിവരെ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ചെയർമാൻ തെരഞ്ഞെടുപ്പിൽ എത്ര വോട്ട് പോൾ ചെയ്തെന്ന ചോദ്യത്തിന് ഔദ്യോഗിക രേഖകൾ ഒന്നും നൽകിയിട്ടില്ലെന്ന് ഹർജിക്കാരൻ മറുപടി നല്‍കി. ഇതിനിടെ റീക്കൗണ്ടിംഗിന്റെ ആവശ്യമെന്തായിരുന്നെന്ന് കോടതി യൂണിവേഴ്സിറ്റിയോട് ആരാഞ്ഞെങ്കിലും അത് റിട്ടേണിംഗ് ഓഫീസറുടെ വിവേചനാധികാരമാണെന്ന് സര്‍വ്വകലാശാല മറുപടി നല്‍കി.

അതേസമയം ജയിച്ച ആൾ സ്ഥാനമേല്‍ക്കുന്നത് തടയണം എന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും കോടതീ അത് തള്ളി. തെരഞ്ഞെടുപ്പ് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസർക്ക് കോടതി നിർദേശം നല്‍കി. ചെയർമാൻ ചുമതലയേൽക്കുകയാണെങ്കിലും അത് കോടതിയുടെ തീർപ്പിന് വിധേയമായിരിക്കുമെന്നും സിംഗിള്‍ ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

Advertisement