ന്യൂ ഡെൽഹി :
ഗവർണർമാർ ബില്ലുകൾ പിടിച്ചുവെക്കുന്നതിനെതിരെ വിമർശനവുമായി സുപ്രീം കോടതി. സർക്കാരുകൾ കോടതിയിൽ വരുന്നതുവരെ ഗവർണർമാർ നടപടിയെടുക്കാത്തത് എന്താണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചോദിച്ചു. ഗവർണർമാരെ നേരിട്ട് തെരഞ്ഞെടുക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേരളത്തിന്റെ ഹർജി വെള്ളിയാഴ്ച പരിഗണിക്കുമെന്നും വ്യക്തമാക്കി
ആർക്കെങ്കിലും അവരുടെ ഉള്ളിൽ സംശയമുണ്ടെങ്കിൽ അവർക്ക് കോടതിയിൽ പോകാം. ആ സംശയം മാറ്റും എന്ന കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശത്തിൽ കേരളം സുപ്രീം കോടതിയെ അതൃപ്തി അറിയിച്ചു. മുൻ എ ജി കെ കെ വേണുഗോപാലാണ് ഗവർണറുടെ പരാമർശം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. തുടർന്നാണ് കേരളത്തിന്റെ ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്
പഞ്ചാബ് ഗവർണർ ബില്ലുകൾ പിടിച്ചു വെക്കുന്നതിനെതിരായ ഹർജിയാണ് കോടതി ഇന്നാദ്യം കേട്ടത്. പഞ്ചാബ് ഗവർണർ ബില്ലുകളിൽ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. ഈ സമയത്താണ് സുപ്രീം കോടതിയിൽ വന്നതിന് ശേഷം മാത്രം ഗവർണർമാർ നടപടി എടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞത്.