ചെങ്ങന്നൂർ: ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലത്തെ കെട്ടിടത്തിനുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന 30,500 രൂപ മോഷ്ടിച്ച കേസിൽ മദ്ധ്യവയസ്കൻ അറസ്റ്റിൽ. പാണ്ടനാട് കീഴ്വന്മഴി പുതുപ്പുരയിൽ അനീഷാണ് (44) അറസ്റ്റിലായത്. കഴിഞ്ഞ രണ്ടാം തീയ്യതി ചിപ്പി തീയറ്ററിനു സമീപമുള്ള പറമ്പിലെ നിർമാണം നടക്കുന്ന കെട്ടിടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ പണമാണ് ഇയാൾ കവർന്നത്.
തൊഴിലാളികൾക്ക് ഒരാഴ്ചത്തെ കൂലിയായി കരാറുകാരൻ കൊടുത്ത പണം വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ബാഗിൽ വച്ചിരിക്കുകയായിരുന്നു. ജോലിയ്ക്കിടയിൽ മുൻഭാഗത്തേക്ക് വന്ന തൊഴിലാളി ഒരാൾ കെട്ടിടത്തിൽ നിന്നും ഇറങ്ങിപ്പോകുന്നതു കണ്ടിരുന്നു. സമീപ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു.
ഡി.വൈ.എസ്.പി എം.കെ ബിനു കുമാറിന്റെ നിർദേശപ്രകാരം എസ്.എച്ച്.ഒ എ.സി വിപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീകുമാർ, തോമസ്, സി.പി.ഒമാരായ സീൻകുമാർ, സിജു, മിഥിലാജ്, ജൂബിൻ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.