ഉദ്യോഗസ്ഥരുടെ പ്രതികാരം?,വിയ്യൂർ ജയിലിൽ കൊടി സുനിക്ക് കൊടിയമർദ്ദനം

Advertisement

തൃശൂര്‍.വിയ്യൂർ അതീവ സുരക്ഷ ജയിലിൽ കൊടി സുനിക്ക് മർദ്ദനമെന്ന് പരാതി. 25 ഓളം വരുന്ന ജയിൽ ജീവനക്കാരുടെ നേതൃത്വത്തിലാണ് കൊടി സുനിയെ മർദ്ദിച്ചതെന്ന് സുഹൃത്ത് ശ്രീകാന്ത് കൊട്ടിയൂർ പറഞ്ഞു. സംഭവത്തിൽ വിയൂർ പോലീസിനും ഡിജിപിക്കും കുടുംബം പരാതി നൽകി. പരിക്കേറ്റ കൊടി സുനി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.


വിയൂർ അതീവ സുരക്ഷയിൽ നാലു ജയിൽ ജീവനക്കാർക്ക് പരിക്കേറ്റ സംഘർഷത്തിനു ശേഷമാണ് കൊടി സുനിക്ക് ജയിലിനുള്ളിൽ മർദ്ദനമേൽക്കുന്നത്. സെല്ലിൽ കിടന്നുറങ്ങുകയായിരുന്ന കൊടി സുനിയെ റോക്കി , സുകുമാരൻ എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കണ്ണിൽ മുളകു പൊടിയെറിഞ്ഞ ശേഷം ജീവനക്കാർ മർദ്ദിച്ചുന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരോപണം. ഗുരുതര പരിക്കേറ്റ സുനിക്ക് ചികിത്സ നൽകുന്നതിൽ വീഴ്ച ഉണ്ടായെന്നും കുടുംബം.

സുനിക്കൊപ്പം ജയിലിൽ മറ്റു തടവുകാർക്കും മർദ്ദനമേറ്റെന്നും സുഹൃത്തുക്കൾ ആരോപിക്കുന്നു. എന്നാൽ ഇവർക്ക് കൃത്യമായി ചികിത്സ പോലും നൽകാതെ മലപ്പുറത്തെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. മർദ്ദനവിവരം പുറത്തുവരാതിരിക്കാൻ ആണ് ജയിൽ മാറ്റിയതെന്നും സുഹൃത്തുക്കൾ ആരോപിക്കുന്നു.

വിയ്യൂർ പോലീസിൽ സുനിയുടെ സഹോദരിയുടെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്തി കേസെടുക്കാനാണ് പോലീസ് നീക്കം. അതേസമയം സുനി കണ്ണൂരിലേക്ക് ജയിൽമാറ്റം ആവശ്യപ്പെട്ടിരുന്നുവെന്നും അതിനുവേണ്ടിയുള്ള നീക്കങ്ങളാണ് ഇപ്പോൾ നടത്തുന്നതെന്നുമാണ് ജയിൽ അധികൃതരുടെ വിശദീകരണം.

Advertisement