ഭാര്യയുടെ ആത്മഹത്യക്ക് പിന്നാലെ വീട് വിട്ടിറങ്ങിയ ഭർത്താവ് പുഴയിൽ ചാടി മരിച്ചു

Advertisement

പന്തളം:
ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞ് വീട് വിട്ടിറങ്ങിയ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. പന്തളം കുളനട വടക്കേക്കരപ്പടി ശ്രീനിലയത്തിൽ അരുൺ ബാബുവാണ് മരിച്ചത്. അരുൺ ബാബുവിന്റെ ഭാര്യ ലിജിയെന്ന അമ്മുവിനെ(25) കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു.

ലിജി മരിച്ചതിന് പിന്നാലെ അരുൺ ബാബുവിനെ കാണാതാകുകയായിരുന്നു. മൊബൈൽ ഫോൺ ആശുപത്രിയിലേക്ക് കൂടെ വന്നവരെ ഏൽപ്പിച്ച് കാറുമെടുത്ത് ഇയാൾ പുറത്തേക്ക് പോകുകയായിരുന്നു. പിന്നീട് അരുൺ സഞ്ചരിച്ചിരുന്ന കാർ വെട്ടിയാർ പുലക്കടവ് പാലത്തിന് സമീപത്ത് കണ്ടെത്തി.

പരിശോധനയിൽ കാറിനുള്ളിൽ രക്തം കൊണ്ട് ഐ ലവ് യു അമ്മു എന്നെഴുതിയിരുന്നു. പാലത്തിന് സമീപത്തും രക്തക്കറ കണ്ടതോടെ കൈ ഞരമ്പ് മുറിച്ച ശേഷം അരുൺ പുഴയിലേക്ക് ചാടിയെന്ന നിഗമനത്തിൽ പോലീസ് എത്തി. തുടർന്ന് നടത്തിയ തെരച്ചിലിലാണ് പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

Advertisement