ആലപ്പുഴ. നെഹ്റു ട്രോഫി വള്ളംകളിയുടെ ബോണസും സമ്മാനത്തുകയും
മാസങ്ങള്‍ കഴിഞ്ഞിട്ടും വിതരണം ചെയ്യാതെ വള്ളം കളിച്ചവരെ അക്ഷരാര്‍ഥത്തില്‍ വെള്ളത്തിലാക്കി സര്‍ക്കാര്‍. സർക്കാർ ഗ്രാൻഡ് അനുവദിച്ചിട്ടില്ലെന്ന് നിലവില്‍ പണമില്ലെന്നുമാണ് കളക്ടര്‍ ചെയര്‍മാനായ നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ വിശദീകരണം. 19 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇതോടെ ലക്ഷങ്ങള്‍ മുടക്കി മത്സരത്തിനെത്തിയ ക്ലബുകള്‍ കടുത്ത സാമ്പത്തിക പ്രതിന്ധിയിലായി.
പുന്നമട കായലിൽ കഴിഞ്ഞ ഓഗസ്റ്റ് 12 നാണ് പരമ്പരാഗത രീതിയിൽ നെഹ്റു ട്രോഫി വള്ളംകളി നടന്നത്. മത്സരത്തിൽ പങ്കെടുത്ത 7 വള്ളങ്ങൾക്ക് ഒഴികെ 65 ക്ലബുകൾക്കും കളി വള്ളങ്ങൾക്കും ബോണസും സമ്മാനത്തുകയും ഇനിയും നൽകിയിട്ടില്ല. ഇതോടെ ക്ലബ്ബുകൾക്ക് അടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ടീം രൂപവൽക്കരിക്കുന്നതിനും പരിശീലനം നടത്തുന്നതിനും ഓരോ ക്ലബ്ബുകൾക്കും പത്തുലക്ഷം മുതൽ ഒരു കോടി രൂപ വരെ ചെലവായിട്ടുണ്ട്.
നിലവില്‍ തുഴച്ചിലുകാര്‍ക്ക് വേതനം പോലും കൊടുക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ക്ളബുകാര്‍.
ഒരു കോടി രൂപയാണ് ഗ്രാന്റ് ഇനത്തില്‍ നല്‍കാനുള്ളത്. ആകെ നല്‍കിയത് അഡ്വാൻസ് ഇനത്തിൽ ചുണ്ടൻ വള്ളങ്ങൾക്ക് ഒരു ലക്ഷം രൂപയും ചെറുവള്ളങ്ങൾക്ക് 25000 രൂപയുമാണ്. സംഘാടകരായ എന്‍ടിബിആര്‍ സൊസൈറ്റിയും ടൂറിസം വകുപ്പ് വഴിയുമാണ് സര്‍ക്കാര്‍ ഇത് നല്‍കേണ്ടത്. എന്നാൽ സർക്കാർ ഗ്രാൻഡ് നൽകിയിട്ടില്ലെന്നും നിലവിൽ പണമില്ലെന്നുമാണ് എൻടിബിആറിന്റെ മറുപടി. ഇതോടെ
സർക്കാരിന്റെ വാക്കും കേട്ട് സ്വന്തം പോക്കറ്റില്‍ നിന്നും കടംവാങ്ങിയും പണം മുടക്കിയ ക്ലബ് ഉടമകൾ കടുത്ത പ്രതിസന്ധിയിലായി. പലരും ഇനിയൊരുവട്ടം കൂടി നീറ്റിലിറങ്ങില്ലെന്ന വാശിയിലാണ്.