തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കുമോ എന്ന ചോദ്യത്തിന് കേരളീയം വേദിയിൽ മറുപടി നൽകി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഡ്രൈ ഡേ ഒഴിവാക്കുന്നത് തദ്ദേശ വകുപ്പുമായടക്കം ചർച്ച ചെയ്യേണ്ട വിഷയമാണ്. ഡ്രൈ അടക്കമുള്ള വിഷയങ്ങളിൽനയങ്ങളും നിർദേശങ്ങളും അടങ്ങുന്ന മാസ്റ്റർപ്ലാൻ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളീയം പരിപാടിയുടെ ഭാഗമായി ‘കേരളത്തിലെ വിനോദസഞ്ചാര മേഖല’ എന്ന സെമിനാറിനെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
വിനോദസഞ്ചാരത്തിനായി എല്ലാ മേഖലയെയും പരിഗണിച്ചുകൊണ്ടുള്ള ‘മിഷൻ 2030’ മാസ്റ്റർപ്ലാൻ സർക്കാർ അടുത്ത വർഷം കൊണ്ടുവരുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ടൂറിസം മേഖലയിൽ സ്വകാര്യ നിക്ഷേപം വൻതോതിൽ പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ അടുത്ത വർഷം നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കേണ്ടത് പ്രധാനമാണെന്നും സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെ മാത്രമേ ആഗോളതലത്തിൽ കേരള ടൂറിസത്തിനുള്ള ഇടം സുസ്ഥിരമാക്കാനാകൂവെന്നും മന്ത്രി പറഞ്ഞു.
നവംബർ 16ന് നടക്കുന്ന ടൂറിസം നിക്ഷേപക സംഗമം സ്വകാര്യ നിക്ഷേപകർക്ക് പുതിയ ആശയങ്ങളും അവസരങ്ങളും ചർച്ച ചെയ്യുന്നതിന് വഴിയൊരുക്കും. പൊതു-സ്വകാര്യ പങ്കാളിത്ത സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ ഇപ്പോഴും ടൂറിസം മേഖലയ്ക്ക് കഴിഞ്ഞിട്ടില്ല. സ്വകാര്യ നിക്ഷേപത്തിന് വലിയ സാധ്യതയാണ് ടൂറിസം മേഖലയിലുള്ളത്. വാഗമണിലെ ഗ്ലാസ് ബ്രിഡ്ജ് പൊതു-സ്വകാര്യ മാതൃകയ്ക്ക് ഉദാഹരണമാണ്.
സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെ ഹെലി ടൂറിസവും ക്രൂയിസ് ടൂറിസവും 2024-ൽ ആരംഭിക്കും. ചാലിയാർ നദിക്ക് കുറുകെ നവീകരിച്ച 132 വർഷം പഴക്കമുള്ള ഫറോക്ക് പാലം ഡിസൈൻ പോളിസിക്ക് അനുസൃതമായി 2024 ൽ സംസ്ഥാനത്തിന് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ആലുവയിൽ മറ്റൊരു പാലത്തിൻറെ പണി 2024 ൽ ആരംഭിക്കും. പൊതു-സ്വകാര്യ മേഖലകളുടെ സഹകരണത്തോടെയാണ് ഈ പദ്ധതികളെല്ലാം നടപ്പാക്കുന്നത്. നൂതന പദ്ധതികൾ ആവിഷ്കരിക്കുന്ന ‘കേരള മോഡൽ’ ലോകമെമ്പാടും അനുകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.