പൊലീസിൽ വീണ്ടും ആത്മഹത്യ; തിരുവനന്തപുരത്ത് ജനമൈത്രി ബീറ്റ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

Advertisement

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസറെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

കഴക്കൂട്ടം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറും ജനമൈത്രി ബീറ്റ് ഓഫീസറുമായ ബി ലാൽ (55) ആണ് തൂങ്ങി മരിച്ചത്. കഴക്കൂട്ടത്തെ എഫ് സി ഐയ്ക്ക് സമീപത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. സംഭവത്തെതുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. ആത്മഹത്യയാണെന്നാണ് നിഗമനം. കിളിമാനൂർ സ്വദേശിയാണ് ലാൽ.

കഴിഞ്ഞമാസം തൃശ്ശൂർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തൃശ്ശൂർ വെസ്റ്റ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കൊല്ലം മുഖത്തല കുറുമണ്ണ ചിറ്റിലിക്കാട് കോളനിയിൽ ഗീതു നിവാസിൽ ഗീതു കൃഷ്ണൻ (33) ആണ് മരിച്ചത്. രാവിലെ ഏഴേ കാലോടെ സ്റ്റേഷനിലെ ഒന്നാം നിലയിലുള്ള വിശ്രമമുറിയോട് ചേർന്ന പഴയ മെസ്സിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ഥാന പൊലീസിൽ അഞ്ച് വർഷത്തിനിടെ 69പേരാണ് ആത്മഹത്യ ചെയ്തതെന്ന കണക്കും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

12 പേര് ആത്മഹത്യ ശ്രമവും നടത്തിയിട്ടുണ്ട്. ജോലി സമ്മർദ്ദത്തിന് ഒപ്പം കുടുംബ പ്രശ്നങ്ങളും ആത്മഹത്യകൾക്ക് കാരണമാകുന്നുണ്ടെന്നാണ് പൊലിസ് തയ്യാറാക്കിയ റിപ്പോർട്ടിലെ കണ്ടെത്തൽ. ജീവിതം പാതിവഴിക്ക് അവസാനിപ്പിക്കുന്ന പൊലീസുകാരുടെ എണ്ണം ഏറി വരുമ്പോഴും കൗൺസിലിംഗിന് തയ്യാറാക്കിയ പദ്ധതി പണമില്ലാത്ത കാരണം നിലച്ചുപോയി. സ്റ്റേഷനുകളിൽ അതിരൂക്ഷമായ ആൾക്ഷാമത്തെതുടർന്ന് എട്ടുമണിക്കൂർ സമയം പാലിക്കാനാകാറില്ല. ജോലി ഭാരം കുറയ്ക്കാൻ ക്രമസമാധാനവും കുറ്റാന്വേഷണവും വേർതിരിക്കുമെന്ന പ്രഖ്യാപനവും പാതിവഴിക്ക് ഉപേക്ഷിച്ച മട്ടാണ്.

പൊലീസ് സേനാംഗങ്ങൾക്കിടയിൽ മാനസിക സമ്മർദ്ദം ഏറുന്നു എന്ന ചർച്ചകൾക്കിടെയാണ് കഴിഞ്ഞ വർഷങ്ങളിൽ ആത്മഹത്യ ചെയ്ത പൊലീസുകാരുടെ കണക്ക് ശേഖരിച്ചത്. 2019 ജനുവരി മുതൽ ഇക്കഴിഞ്ഞ സെപ്തംബർ വരെ 69 പേരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ 32 പേർ സിവിൽ പൊലിസ് ഓഫീസർമാരാണ്. 16 സീനിയർ സിവിൽ പൊലിസ് ഓഫീസർമാരും 8 ഗ്രേഡ് എസ്ഐമാരും ഒരു എസ്എച്ച്ഒയും ആത്മഹത്യ ചെയ്തിട്ടുണ്ട്. 30 പേർ കുടുംബ പ്രശ്നങ്ങൾ കാരണം ജീവനൊടുക്കിയപ്പോൾ, 20 പേർ മാനസിക സമ്മർദ്ദം കാരണവും 7 പേ‍ർ ജോലി സമ്മർദ്ദം മൂലവും ആത്മഹത്യ ചെയ്തു. ബാക്കിയുള്ളവർ സാമ്പത്തിക- ആരോഗ്യ പ്രശനങ്ങളാൽ ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്. 2019ൽ 18 പേർ ആത്മഹത്യ ചെയ്തപ്പോൾ 10 ഉം,21 ൽ എട്ടും പേരാണ് ആത്മഹത്യ ചെയ്തത്. വിശദവും സമഗ്രവുമായി നടത്തിയ അന്വേഷണത്തിൽ ജോലി സമ്മർദ്ദം എന്ന ഒറ്റക്കാരണമല്ല ആത്മഹത്യകൾക്ക് പിന്നിലുള്ളത് . കുടുംബ പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും രോഗവും എല്ലാം കാരണമാണ്.