കേരളവർമ്മ കോളേജ്, സമരം കടുപ്പിച്ച് കെഎസ്‌യു, മന്ത്രി ആർ ബിന്ദുവിന്റെ വീടിന്‍റെ ഗേറ്റ് താഴിട്ട് പൂട്ടാൻ ശ്രമം

Advertisement

തൃശ്ശൂർ. കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട് സമരം കടുപ്പിച്ച് കെഎസ്‌യു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ വീടിന്‍റെ ഗേറ്റ് താഴിട്ട് പൂട്ടാൻ പ്രവർത്തകർ ശ്രമിച്ചു. ഉച്ചയ്ക്ക് കെ.എസ്.യു പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്കും മാർച്ച് നടത്തിയിരുന്നു.

കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ ലക്ഷ്യമിട്ടുള്ള സമരം തെരുവിലേക്ക് വ്യാപിപ്പിക്കുകയാണ് കെഎസ്‌യു. സംസ്ഥാന വ്യാപകമായി തുടരുന്ന പ്രതിഷേധങ്ങളിൽ പലതും സംഘർഷത്തിൽ കലാശിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഗേറ്റ് താഴിട്ടു പൂട്ടാനും പ്രവർത്തകർ ശ്രമിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ചിലും പ്രവർത്തകരും പോലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി.
സെക്രട്ടറിയേറ്റിന്റെ മതിൽ ചാടി കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു.

സംസ്ഥാന വ്യാപകമായി കെ.എസ്.യു ഇന്ന് വിദ്യാഭ്യാസ ബന്ദും ആചരിച്ചിരുന്നു. വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി കണ്ണൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. വരും ദിവസങ്ങളിലും പ്രതിഷേധം കടുപ്പിക്കാനാണ് കെഎസ്‌യു തീരുമാനം.

Advertisement