കാക്കനാട് രാത്രി 11ന് ശേഷം കടകൾ അടയ്ക്കണമെന്ന് നഗരസഭ; അംഗീകരിക്കില്ലെന്ന് ഹോട്ടൽ ഉടമകൾ

Advertisement

കാക്കനാട്: ഐടി നഗരമായ കാക്കനാട്ടെ ഹോട്ടലുകളും തട്ടുകടകളും ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ രാത്രി 11ന് അടയ്ക്കണമെന്ന നഗരസഭയുടെ നിർദേശം നടപ്പാകുമോ? അടുത്ത നഗരസഭ കൗൺസിൽ യോഗം തീരുമാനം കൈക്കൊള്ളാനിരിക്കെ അനുകൂലിച്ചും എതിർത്തും ഒട്ടേറെ പേർ രംഗത്തെത്തി. കടകൾ രാത്രി അടച്ചിടണമെന്ന നിർദേശം അംഗീകരിക്കില്ലെന്ന നിലപാടിലാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി.

അവർ അക്കാര്യം ഇന്നലെ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ലഹരി മാഫിയയെ അടിച്ചമർത്താൻ ആറു മാസത്തേക്ക് നടത്തുന്ന രാത്രികാല കട അടച്ചിടലിനോട് സഹകരിക്കണമെന്ന നിലപാട് ആവർത്തിക്കുകയാണ് നഗരസഭ. പൊലീസും എക്സൈസും ഒപ്പമുണ്ടെന്നതാണ് നഗരസഭയുടെ ബലം. ശനിയാഴ്ച ഹോട്ടൽ പ്രതിനിധികളും വ്യാപാരി വ്യവസായി ഭാരവാഹികളും റസിഡന്റ്സ് അസോസിയേഷനുകളും പങ്കെടുത്ത യോഗത്തിലാണ് കടകളെല്ലാം രാത്രി 11ന് അടച്ചിടണമെന്ന നിർദേശമുണ്ടായത്.

പുലർച്ചെ നാലിനു തുറക്കാം. ഇക്കാര്യം യോഗത്തിൽ തങ്ങൾ അംഗീകരിച്ചിട്ടില്ലെന്നാണ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പറയുന്നത്. തൊഴിൽ ചെയ്തു ജീവിക്കാനുള്ള മൗലീക അവകാശത്തിന്റെ ലംഘനമാണിതെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.ജെ.മനോഹരൻ, സെക്രട്ടറി കെ.ടി.റഹിം എന്നിവർ പറഞ്ഞു. അതേസമയം രാത്രി പ്രവർത്തിക്കുന്ന ചില കച്ചവട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു ലഹരി മാഫിയയുടെ പ്രവർത്തനം സജീവമാണെന്ന സംശയമുണ്ടെന്ന് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

രാത്രിയിൽ നടത്ത സമരവുമായി ടെക്കികൾ
കാക്കനാട് മേഖലയിൽ രാത്രിയിൽ ഹോട്ടലുകളും തട്ടുകടകളും പ്രവർത്തികരുതെന്ന നിർദേശത്തിനെതിരെ രാത്രി നടത്തത്തിലൂടെ പ്രതിഷേധിക്കാൻ ടെക്കികൾ. ഐടി മേഖലയുടെ സുഗമമായ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് തീരുമാനമെന്ന് പ്രോഗ്രസീവ് ടെക്കീസ് ഭാരവാഹികൾ പറഞ്ഞു. ഇന്ന് രാത്രി 10ന് ഇൻഫോപാർക്ക് പ്രധാന കവാടത്തിൽ നിന്ന് രാത്രി നടത്തം തുടങ്ങും. ലഹരി ഇടപാടുകാരെ നിയന്ത്രിക്കാൻ ഒരു പ്രദേശമാകെ രാത്രിയിൽ അടച്ചിട്ടു കൊണ്ടുള്ള പരീക്ഷണം ആധുനിക സമൂഹത്തിന് ചേർന്നതല്ല. പൊലീസും എക്സൈസും ശക്തമായ പരിശോധന നടത്തണമെന്നും ഭാരവാഹികൾ പറഞ്ഞു.

Advertisement