ആലുവ. അഞ്ച് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ നവംബർ 14 ന് ശിശുദിനത്തില്‍ പ്രഖ്യാപിക്കും. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്ന് ഇന്ന് പ്രൊസിക്യൂഷൻ ആവർത്തിച്ചു. പ്രായവും മാനസിക നിലയും കണക്കിലെടുത്ത് പരമാവധി ഇളവ് നല്‍കണമെന്ന് പ്രതിഭാഗവും ആവശ്യപ്പെട്ടു.
പ്രതി കൃത്യം നടപ്പാക്കിയ രീതി അപൂർവങ്ങളിൽ അപൂർവമാണ്. ബലാത്സംഗത്തിന് ശേഷം മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവ് ചെയ്തു. സമാന കുറ്റകൃത്യങ്ങളില്‍ മുന്‍പും ഏര്‍പ്പെട്ടിട്ടുള്ള പ്രതി വധശിക്ഷയിൽ കുറഞ്ഞ ഒന്നും അർഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കുട്ടികൾക്ക് കുട്ടികളായി വളരാനുള്ള സാഹചര്യമാണ് ഈ കുറ്റകൃത്യം ഇല്ലാതാക്കിയതെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകാതിരുന്നാൽ സമൂഹത്തിന് അത് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതിയുടെ മാനസിക നില പരിശോധിച്ച് സർക്കാർ നൽകിയ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കേസിൽ സ്വതന്ത്ര ഏജൻസി പ്രതിയുടെ മാനസിക നില പരിശോധിക്കണം. പ്രതിയുടെ പ്രായം മനസാന്തരപ്പെടാനുള്ള സാധ്യതയായി കാണണമെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അതേസമയം താൻ കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതി കോടതിയിൽ ആവർത്തിച്ചു. പ്രതിക്കെതിരെ തെളിഞ്ഞ 16 കുറ്റകൃത്യങ്ങളിൽ പൊതുസ്വഭാവം ഉള്ള മൂന്ന് വകുപ്പുകളിൽ ശിക്ഷ ഉണ്ടാകില്ല. സമാനമായ വകുപ്പുകൾക്ക് ഉയർന്ന ശിക്ഷ ഉള്ളതിനാൽ 13 വകുപ്പുകളിൽ ആണ് ശിക്ഷ വിധിക്കുക.