തിരുവനന്തപുരം: ബിഎസ്എൻഎൽ എൻജിനീയേഴ്സ് സഹകരണ സംഘത്തിൽ 260.18 കോടി രൂപയുടെ തട്ടിപ്പു നടന്നതായി സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ‘മനോരമ ഓൺലൈന്’ ലഭിച്ചു. വ്യാജ രേഖകള്‍ ചമച്ചും വ്യാജ അക്കൗണ്ടുകൾ തുറന്നുമാണു തട്ടിപ്പ് നടത്തിയതെന്നു റിപ്പോർട്ടിൽ പറയുന്നു. സംഘത്തിന്റെ പ്രസിഡന്റായിരുന്ന എ.ആർ.ഗോപിനാഥൻ, സെക്രട്ടറിയായിരുന്ന കെ.വി.പ്രദീപ് കുമാർ, മുൻ ഡയറക്ടറായ പി.ആർ.മൂർത്തി, ജീവനക്കാരൻ രാജീവ് എന്നിവരാണു തട്ടിപ്പ് ആസൂത്രണം ചെയ്തത്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്തു.
ഒരു നിക്ഷേപകന്റെ പണം അപഹരിച്ചശേഷം മറ്റൊരു നിക്ഷേപം എത്തുമ്പോൾ ആദ്യം അപഹരിച്ച തുക തിരികെ നല്‍കുന്നതായിരുന്നു തട്ടിപ്പ് സംഘത്തിന്റെ രീതിയെന്നു റിപ്പോർട്ടിൽ പറയുന്നു. 1987ലാണു സംഘം പ്രവർത്തനം ആരംഭിച്ചത്. ബിഎസ്എൻഎല്ലിൽ നിന്നും വിരമിച്ചതോടെ എ.ആർ.ഗോപിനാഥന് എ ക്ലാസ് അംഗമാകാനുള്ള യോഗ്യത നഷ്ടമായെങ്കിലും ഭരണസമിതിയിൽ തുടര്‍ന്നതു ഗുരുതര നിയമ ലംഘനമാണ്. ചട്ടവിരുദ്ധമായി വോട്ടർ പട്ടിക തയാറാക്കിയാണു ഭരണസമിതിയിൽ തുടർന്നത്. സഹകരണസംഘം ഉയർന്ന പലിശ നല്‍കി നിക്ഷേപം ആകർഷിക്കാൻ തീരുമാനമെടുത്തെങ്കിലും പലിശ എത്രയാണെന്നു രേഖകളിൽ കാണിച്ചില്ല.
പലിശ തുക തട്ടിയെടുത്തു. റജിസ്ട്രാറുടെ അനുമതിയില്ലാതെ ദേശസാൽകൃത വാണിജ്യ ബാങ്കുകളിൽ പണം നിക്ഷേപിച്ചു. നിക്ഷേപകരുടെ അറിവില്ലാതെ വ്യാജ സേവിങ് ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ച് ഇടപാടുകൾ നടത്തി. സംഘത്തിലെ നീക്കിയിരുപ്പു തുക അപഹരിച്ചും വ്യാജ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റു നൽകി പണം വാങ്ങി സംഘം കണക്കിൽ കാണിക്കാതെയും തട്ടിപ്പു നടത്തി. ഓഡിറ്റിനായി വ്യാജ രസീതും വൗച്ചറും സൃഷ്ടിച്ചു. വ്യാജമായി തയാറാക്കിയ വരവു ചെലവു കണക്കുകളാണു ഗോപിനാഥൻ നായർ ഭരണ സമിതി യോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയിരുന്നത്. ജീവനക്കാരനായ രാജീവിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 15.96 കോടിരൂപ പിൻവലിച്ചു.
സ്വീകരിക്കുന്ന നിക്ഷേപങ്ങളുടെ വിവരങ്ങൾ റജിസ്റ്ററിൽ രേഖപ്പെടുത്തിയില്ല. 222 കോടിയുടെ നിക്ഷേപം തിരികെ ലഭിക്കാനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ട്. ഈ നിക്ഷേപങ്ങളിൽ ഭൂരിഭാഗവും രേഖകളിൽ വന്നിട്ടില്ല. യാതൊരു നടപടി ക്രമവും പാലിക്കാതെ സംഘത്തിന്റെ പേര്, സീൽ, എന്നിവ ഉപയോഗിച്ചു പ്രസിഡന്റും സെക്രട്ടറിയും ഒപ്പിട്ട നിക്ഷേപ ബുക്കുകൾ ഉപയോഗിച്ചു നിക്ഷേപം വാങ്ങി തട്ടിയെടുത്തു. സംഘം നിക്ഷേപ ഗ്യാരണ്ടി സ്കീമിൽ അംഗമല്ലാത്തതിനാൽ നിക്ഷേപം സ്വീകരിക്കാൻ കഴിയുമായിരുന്നില്ല. രാധാകൃഷ്ണൻ നായർ എന്ന വ്യക്തിയുടെയും മകന്റെയും പേരിലുള്ള 67 സെന്റ് വസ്തു ജീവനക്കാരനായ എ.ആർ.രാജീവ് വാങ്ങി പ്രതിഫലമായി 1.28 കോടി രൂപയുടെ ഇല്ലാത്ത സ്ഥിര നിക്ഷേപത്തിനു സർട്ടിഫിക്കറ്റ് നൽകി. 1987 മുതൽ സംഘത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്ന ഗോപിനാഥൻ നായർ തട്ടിപ്പു നടത്താൻ മാത്രമാണു സംഘം രൂപീകരിച്ചതെന്നു റിപ്പോർട്ടിൽ പറയുന്നു.
സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ 2005 മുതലുള്ള ഇടപാടുകളുടെ രേഖയാണു ലഭിച്ചത്. 2005 മുതൽ തന്നെ തട്ടിപ്പു നടന്നിരുന്നു. ചീഫ് പ്രമോട്ടർ ആയിരുന്ന വ്യക്തിയാണു സംഘത്തിന്റെ ഓണററി സെക്രട്ടറിയും അവസാനത്തെ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചത് എന്നതിനാൽ ആദ്യ കാലഘട്ടത്തിൽതന്നെ നിക്ഷേപങ്ങൾ അപഹരിക്കപ്പെട്ടിട്ടുണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.
പണം നഷ്ടപ്പെട്ട പ്രധാന വഴികൾ:
∙ സഹകരണ സംഘം റജിസ്ട്രാറുടെ നിർദേശങ്ങള്‍ക്കു വിരുദ്ധമായി താൽക്കാലികക്കാർക്കു 24.41ലക്ഷം നൽകി നഷ്ടമുണ്ടാക്കി.
∙ ക്ലാർക്കായ രാജീവിന് ക്രമവിരുദ്ധമായി 37.50 ലക്ഷംരൂപ നൽകി
∙ വ്യാജ വായ്പ നൽകിയതിലൂടെ 25.45 കോടിരൂപയുടെ നഷ്ടമുണ്ടായി
∙ നിക്ഷേപങ്ങൾക്കു കൃത്യമായ രേഖകളില്ലാതെ കൃത്രിമംകാട്ടി 222 കോടിരൂപ അപഹരിച്ചു
∙ നിക്ഷേപകരുടെ അറിവില്ലാതെ വ്യാജമായി എസ്ബി അക്കൗണ്ടുകൾ ആരംഭിച്ചു വ്യാജ ഇടപാട് നടത്തി 76 ലക്ഷം അപഹരിച്ചു.