തിരുവനന്തപുരം: ഇക്കുറി കാലവര്‍ഷം ചതിച്ചപ്പോള്‍ രക്ഷയായി തുലാവര്‍ഷം. സംസ്ഥാനത്ത് തുലാവര്‍ഷം ലഭിക്കേണ്ട മഴയില്‍ 37 ശതമാനം അധികം ലഭിച്ചു.
കാലവര്‍ഷത്തില്‍ ലഭിക്കേണ്ട മഴയില്‍ ഗണ്യമായ കുറവുണ്ടായത് ആശങ്കക്കിടയാക്കിയിരുന്നു. എന്നാല്‍, തുലാവര്‍ഷം ലഭിക്കേണ്ട മഴയില്‍ വര്‍ധനവുണ്ടായതോടെ വരള്‍ച്ചാ ഭീതി ഒഴിഞ്ഞേക്കും. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ സാധാരണ ലഭിക്കേണ്ട മഴയേക്കാള്‍ അധിക മഴ ലഭിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ ഒക്ടോബര്‍-ഡിസംബര്‍ വരെ ലഭിക്കേണ്ട മഴ ഇപ്പോള്‍തന്നെ ലഭിച്ചു. ഈ കാലയളവില്‍ പത്തനംതിട്ട ജില്ലയിലാണ് കൂടുതല്‍ മഴ ലഭിച്ചത്.
464.2 മില്ലി മീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്ത് 797.7 മില്ലി മീറ്റര്‍(72 ശതമാനം കൂടുതല്‍) മഴ ലഭിച്ചു. തിരുവനന്തപുരത്ത് 54 ശതമാനവും ആലപ്പുഴയില്‍ 33 ശതമാനവും എറണാകുളത്ത് 23 ശതമാനവും കോട്ടയത്ത് 20 ശതമാനവും അധികമഴ ലഭിച്ചു. പാലക്കാട് 25 ശതമാനം അധികമഴ ലഭിച്ചപ്പോള്‍ കോഴിക്കോട് 10 ശതമാനവം കൊല്ലത്ത് 11 ശതമാനവും മലപ്പുറത്ത് ഒമ്പത് ശതമാനവും കാസര്‍കോട് 23 ശതമാനവും തൃശൂരില്‍ എട്ട് ശതമാനവും അധിക മഴ ലഭിച്ചു.
അതേസമയം, വയനാട് ഇടുക്കി ജില്ലകളില്‍ തുലാവര്‍ഷത്തിലും കുറവ് മഴയാണ് ലഭിച്ചത്. ഇടുക്കിയില്‍ 443.9 എംഎം ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 414.9 എംഎം മഴമാത്രമാണ് ലഭിച്ചത്(ഏഴ് ശതമാനം കുറവ്). വയനാട് 251.6 എംഎം ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചതാകട്ടെ 215 എംഎം മഴയും. 15 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്.