ഇടുക്കി: ഇടുക്കി ഡാം പരിസരത്ത് ടൂറിസം വകുപ്പ് നിർമ്മിച്ച ഇക്കോ ലോഡ്ജിന്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഇടുക്കി ഡാമിന്റെയും ഇരുഭാഗങ്ങളിലുമുള്ള കുറവൻ- കുറത്തി മലകളുടെയും താഴ്‌വരയിലാണ് ഇക്കോ ലോഡ്ജ് നിർമ്മിച്ചത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആർച്ച് ഡാമിന് കീഴിൽ പ്രകൃതിയുടെ എല്ലാ മനോഹാരിതയും ആസ്വദിക്കുവാനാണ് ടൂറിസം വകുപ്പ് ഈ താമസസൗകര്യത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
കേരളം വിനോദസഞ്ചാരമേഖലയിൽ അതിവേഗം മുന്നേറുന്ന കാലഘട്ടമാണിതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഇടുക്കി ജില്ലയെ സംബന്ധിച്ച ഒരു പ്രാധാന്യമുള്ള പദ്ധതിയാണിത്. അനുദിനം ഇടുക്കിയിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുമ്പോൾ അവർക്കായി താമസം ഒരുങ്ങുന്നത് വളരെ ആഹ്ലാദകരമാണ്. ജില്ലയ്ക്കായി വിഭാവനം ചെയ്യുന്ന പദ്ധതിയാണ് എത്തനിക് വില്ലേജെന്നും ഇതിനായി ഒരുകോടി 27 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലെ എൻ ഊര് പൈതൃക ഗ്രാമം എന്ന പദ്ധതിക്കുമായി ബന്ധമുള്ള പദ്ധതിയാണിത്. കേരളത്തിലെ വിവിധ ഗോത്രവിഭാഗങ്ങളുടെ തനത് ജീവിതശൈലി, കല, കരകൗശലനിർമാണം, ഭക്ഷണം എന്നിങ്ങനെയുള്ളവ ആഗോളതലത്തിൽ പരിചയപ്പെടുത്തും. ഇടുക്കി ജില്ലയിലാണ് ഈ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നത്. ഉത്തരവാദിത്വ ടൂറിസം മിഷനും ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായിട്ടാണ് എത്തനിക്ക് വില്ലേജ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
12 കോട്ടേജുകളുള്ള ഇക്കോ ലോഡ്ജിൽ അത്യാധുനികമായ താമസയിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 25 ഏക്കറോളം വരുന്ന പ്രദേശത്താണ് ഇക്കോ ലോഡ്ജുകൾ നിർമിച്ചിരിക്കുന്നത്. പൂർണമായും തടികൊണ്ടാണ് നിർമാണം. എറണാകുളത്തു നിന്നും തൊടുപുഴയിൽ നിന്നും വരുന്നവർക്ക് ചെറുതോണിയിൽ നിന്ന് ഒന്നര കിലോമീറ്റർ മുൻപോട്ടു പ്രധാനപാതയിൽ സഞ്ചരിച്ചാൽ ഇവിടെയെത്താം. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ച ഇക്കോ ലോഡ്ജിലെത്തുന്ന വിനോദസഞ്ചാരികൾക്ക്, പത്തു കിലോമീറ്റർ ചുറ്റളവിനുള്ളിൽ സ്ഥിതി ചെയ്യുന്ന ചെറുതോണി ഇടുക്കി ഡാം, ഹിൽവ്യൂ പാർക്ക്, ഇടുക്കി ഡിടിപിസി പാർക്ക്, കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്, കാൽവരിമൗണ്ട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളും സന്ദർശിക്കാനാകും. പദ്ധതിയുടെ നിർമ്മാണത്തിനായി വിനിയോഗിച്ചത് 6.72 കോടി രൂപയാണ്. സംസ്ഥാന സർക്കാരിൽ നിന്നും 2.78 കോടി രൂപയും കേന്ദ്ര സർക്കാരിൽ നിന്ന് 5.05 കോടി രൂപയ്ക്കാണു ഭരണാനുമതി ലഭിച്ചത്. പ്രതിദിനം നികുതിയുൾപ്പെടെ 4130 രൂപയാണ് ഈടാക്കുന്നത്. വിനോദസഞ്ചാരവകുപ്പിന്റെ വെബ് സൈറ്റായ www.keralatourism.org വഴി ഇക്കോ ലോഡ്ജ് ഓൺലൈനായി ബുക്ക് ചെയ്യാം.
എവിടെ പ്രതിദിന നിരക്ക്