ഡീപ് ഫേക്ക് തട്ടിപ്പ്: രാജ്യത്ത് ആദ്യ അറസ്റ്റ്; പൊക്കിയത് കേരളാ പൊലീസ്

Advertisement

തിരുവനന്തപുരം: ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ കോളിലൂടെ കോഴിക്കോട് സ്വദേശിയെ കബളിപ്പിച്ച് 40,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ഗുജറാത്തിൽ നിന്ന് പിടികൂടി കേരളാ പൊലീസ്. കോഴിക്കോട് സൈബർ ക്രൈം പൊലീസും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലെ സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഡീപ് ഫേക്ക് ഉപയോഗിച്ച് സൈബർ തട്ടിപ്പ് നടത്തിയതിന് രാജ്യത്തെ ആദ്യ അറസ്റ്റാണിതെന്ന് പൊലീസ് പറഞ്ഞു.

തട്ടിപ്പിനായി വ്യാജ ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ചു നൽകിയ മെഹസേന സ്വദേശി ഷേക്ക് മുർത്തു സാമിയ ഹയത്ത് ഭായ് ആണ് അറസ്റ്റിലായത്. നിരവധി മൊബൈൽ നമ്പറുകളും ഫോണുകളും ഉപയോഗിക്കുന്ന പ്രതിയെ മെഹസേനയിൽ ദിവസങ്ങളോളം താമസിച്ചു നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഇയാൾ ഗുജറത്തിലും കർണാടകത്തിലും സമാനസ്വഭാവമുള്ള കേസുകളിൽ ഉൾപ്പെട്ടതായി വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേന്ദ്രസർക്കാർ സ്ഥാപനത്തിൽ നിന്ന് വിരമിച്ച കോഴിക്കോട് സ്വദേശിയെ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ശബ്ദവും വീഡിയോയും ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്തി വീഡിയോ കോൾ മുഖേന കബളിപ്പിച്ച് പണം തട്ടിയെടുത്തുവെന്നായിരുന്നു പരാതി. സൈബർ പൊലീസിന്റെ ഇടപെടലിനെ തുടർന്ന് 24 മണിക്കൂറിനകം തന്നെ പണം തിരിച്ചുപിടിക്കാൻ സാധിച്ചിരുന്നു. പരാതിക്കാരന്റെ കൂടെ നേരത്തെ ജോലി ചെയ്തിരുന്നയാൾ എന്ന വ്യാജേന വാട്‌സ്ആപ്പ് വോയിസ് കോളിൽ വിളിച്ചാണ് തട്ടിപ്പുകാരൻ പണം ആവശ്യപ്പെട്ടത്. അടുത്ത ബന്ധുവിന്റെ ഓപ്പറേഷനു വേണ്ടി 40,000 രൂപ വേണമെന്നായിരുന്നു ആവശ്യം. വീഡിയോ കോളിൽ സംസാരിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടപ്പോൾ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ കോൾ ചെയ്യുകയായിരുന്നു. അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്ത പണം അഹമ്മദാബാദിലെ ഒരാളുടെ അക്കൗണ്ടിലേയ്ക്കും തുടർന്ന് ഗോവയിലെ മറ്റൊരു അക്കൗണ്ടിലേയ്ക്കും എത്തിയെന്നും അന്വേഷണത്തിൽ മനസിലായി. ഗുജറാത്തിലെ അക്കൗണ്ടിന്റെ ഉടമയാണ് പ്രതികളിൽ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താനായി വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണയുടെ നിർദ്ദേശപ്രകാരം കോഴിക്കോട് സിറ്റി സൈബർ ക്രൈം സ്റ്റേഷൻ ഹൗസ് ഓഫീസർ ദിനേഷ് കോറോത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വിനോദ് കുമാർ.എം, സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ് ഇൻസ്‌പെക്ടർ ഒ.മോഹൻദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബീരജ് കുന്നുമ്മൽ, ശ്രീജിത്ത് പടിയാത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സാമ്പത്തികത്തട്ടിപ്പിൽപ്പെട്ടാൽ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ വിവരം അറിയിക്കുന്നത് പണം തിരിച്ചുപിടിക്കാൻ സഹായകമാകുമെന്ന് പൊലീസ് പറഞ്ഞു.