കൊച്ചി.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ മാർക്ക് ലിസ്റ്റ് തെറ്റായി പ്രസിദ്ധീകരിച്ചതിൽ എറണാകുളം മഹാരാജാസ് കോളജ് പരീക്ഷാ കൺട്രോളർക്ക് താക്കീത് നൽകി കോളേജ് വിദ്യാഭ്യാസ ഡയറക്ടർ. എൻഐസി സോഫ്റ്റ്‍വെയറിലെ പിഴവെന്ന് ബോധ്യപ്പെട്ടിട്ടും തിരുത്താൻ നടപടിയുണ്ടായില്ല, ഇത് അനാവശ്യ വിവാദങ്ങൾ കത്തിപ്പടരാൻ ഇടയാക്കിയെന്നും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.
പിഎം ആർഷോ എഴുതാത്ത പരീക്ഷ ജയിച്ചെന്ന വിവാദത്തിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു.
എൻഐസി സോഫ്റ്റ് വെയറിലെ തകരാറ് മൂലമാണ് ഇല്ലാത്ത മാർക്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെട്ടതെന്ന് കണ്ടെത്തുകയും ചെയ്തു.
എന്നാൽ പിഴവ് കണ്ടെത്തിയിട്ടും പരീക്ഷ കൺട്രോളർ തിരുത്താൻ തയ്യാറാകാഞ്ഞത് അനാവശ്യവിവാദങ്ങൾക്ക് വഴിവെച്ചതായി കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇക്കാര്യത്തിൽ ഗുരുതര വീഴ്ച്ചയുണ്ടായി. മഹാരാജാസിലെ പരീക്ഷാ സംവിധാനത്തെ മാത്രമല്ല ഉന്നത വിദ്യാഭ്യാസ വകുപ്പിനേയും വിവാദം പ്രതിരോധത്തിലാക്കി.
ഭാവിയിൽ സമാന പിഴവ് ആവർത്തിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നുമാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടർ കർശനമായ താക്കീത് നൽകിയിരിക്കുന്നത്. പിഎം ആർഷോയുടെ പരാതിയിൽ കോളേജ് പ്രിൻസിപ്പൽ, വകുപ്പ് മേധാവി അടക്കമുളളവർക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു.