വെടിയുതിര്‍ത്ത് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

Advertisement

ലോഡ്ജില്‍ വച്ച് വെടിയുതിര്‍ത്ത് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നടുവണ്ണൂര്‍ കാവുന്തറ സ്വദേശി കളരിപറമ്പത്ത് ഷംസുദ്ദീനാണ് മരിച്ചത്. ഒക്ടോബര്‍ 31ന് പുലര്‍ച്ച മാവൂര്‍ ലോഡ്ജിലെ മുറിയില്‍ നിന്ന് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.
ഉടന്‍ തന്നെ മെഡിക്കല്‍ കോളജില്‍ എത്തിച്ച് ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. യുവാവിനെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് നഗരത്തില്‍ മാവൂര്‍ റോഡ് ഭാഗത്തുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് നടക്കാവ് പൊലീസും ബന്ധുക്കളും ചേര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ ടൂറിസ്റ്റ് ഹോമിലുണ്ടെന്ന് വ്യക്തമായി.
ഇതിന്റെ അടിസ്ഥാനത്തില്‍ ലോഡ്ജില്‍ എത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പൂട്ടുപൊളിച്ച് അകത്തുകടന്നപ്പോള്‍ ഷംസുദ്ദീന്‍ പരിക്കേറ്റ് കട്ടിലില്‍ കമഴ്ന്നുകിടക്കുന്നനിലയിലായിരുന്നു. നേരത്തെയും യുവാവ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞിരുന്നു.

Advertisement