ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ പിടിച്ചുവയ്ക്കുന്നതിനെക്കുറിച്ചുള്ള സുപ്രീം കോടതി നിരീക്ഷണത്തോടു പ്രതികരിക്കാനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

Advertisement

നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ പിടിച്ചുവയ്ക്കുന്നതിനെക്കുറിച്ചുള്ള സുപ്രീം കോടതി നിരീക്ഷണത്തോടു പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിന്റെ വിഷയം സുപ്രീം കോടതി പരിഗണിച്ചിട്ടില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും ഗവര്‍ണര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
സുപ്രീം കോടതി എന്തു പറഞ്ഞാലും അത് എല്ലാവര്‍ക്കും ബാധകമാണ്. അത് അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ ഇന്ന് സുപ്രീം കോടതി കേരളത്തിന്റെ വിഷയം പരിഗണിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്.
പൊതുഖജനാവിനു ചെലവു വരുന്ന ബില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ഗവര്‍ണറുടെ അനുമതി തേടണമെന്നാണ് ഭരണഘടന നിര്‍ദേശിക്കുന്നത്. സര്‍വകലാശാലാ ബില്‍ കൊണ്ടുവന്നപ്പോള്‍ സര്‍ക്കാര്‍ അനുമതി തേടിയില്ല. ഇത് ഭരണഘടനാ ലംഘനമാണ്. ഭരണഘടനാ ലംഘത്തിന് താന്‍ കൂട്ടുനില്‍ക്കണമെന്നാണോ പറയുന്നതെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോടു ചോദിച്ചു. കലാമണ്ഡലത്തില്‍ നിയമിച്ച പുതിയ ചാന്‍സലര്‍ ഇപ്പോള്‍ വേതനം ആവശ്യപ്പെടുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസ്സാക്കിയ ബില്ലിന് അനുമതി നല്‍കാതെ ഗവര്‍ണര്‍മാര്‍ തടഞ്ഞുവെക്കുന്നത് ശരിയല്ലായെന്ന് സുപ്രീംകോടതി. നിയമസഭാ സമ്മേളനം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് ബില്‍ പാസാക്കാത്തത് തീ കൊണ്ട് കളിക്കുന്നത് പോലെയാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
ഗവര്‍ണര്‍ക്കെതിരായ പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം. ഗവര്‍ണര്‍മാര്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ പാര്‍ലമെന്ററി ജനാധിപത്യവും സര്‍ക്കാരും എങ്ങനെ മുന്നോട്ടുപോകുമെന്ന് കോടതി ചോദിച്ചു. നിയമസഭ ചര്‍ച്ചകളിലൂടെ പാസ്സാക്കുന്ന ബില്‍, സ്റ്റേറ്റിന്റെ തലവന്‍ എന്ന നിലയില്‍ ഗവര്‍ണര്‍ പിടിച്ചുവെക്കരുത്.
സഭാ സമ്മേളനം സാധുവാണോ അല്ലയോ എന്ന് ഗവര്‍ണര്‍മാര്‍ക്കെങ്ങനെ വിധി പറയാന്‍ കഴിയുമെന്നും സുപ്രീംകോടതി ചോദിച്ചു. പഞ്ചാബ് സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. വര്‍ഷകാല സമ്മേളനം ചേരാത്തതിലാണ് പഞ്ചാബ് സര്‍ക്കാരിനെയും ഗവര്‍ണറെയും വിമര്‍ശിച്ചത്. ഗവര്‍ണറുടെ നടപടി ഗൗരവതരമെന്ന് തമിഴ്നാടിന്റെ ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ബില്ലുകളില്‍ ഒപ്പിടാതെ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിനെതിരെയാണ് തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. തമിഴ്നാടിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. കേരളത്തിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചില്ല.