ഉപജില്ല സ്‌കൂള്‍ കലോത്സവത്തിനിടെ മത്സരാര്‍ത്ഥികളെ മര്‍ദ്ദിച്ചെന്ന് പരാതി

Advertisement

ഉപജില്ല സ്‌കൂള്‍ കലോത്സവത്തിനിടെ മത്സരാര്‍ത്ഥികളെ മര്‍ദ്ദിച്ചെന്ന് പരാതി. കോഴിക്കോട് ബാലുശ്ശേരി പുനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദനമേറ്റത്. വട്ടപ്പാട്ട് പരിശീലനത്തിനിടെ മറ്റു സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.
ഇന്നലെ വട്ടപ്പാട്ട് മത്സരത്തിന് മുന്‍പായി ക്ലാസ് റൂമില്‍ പരിശീലനം നടത്തുന്നതിനിടെ അറുപതോളം പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘം ക്ലാസിലേക്ക് എത്തി മര്‍ദ്ദിക്കുകയായിരുന്നു. നാല് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് മര്‍ദ്ദിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
വട്ടപ്പാട്ട് മത്സരത്തിന് രണ്ട് ടീമുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. തങ്ങളുടെ എതിര്‍ ടീമില്‍ പെട്ടവര്‍ക്ക് വിജയികളാകാന്‍ വേണ്ടി മര്‍ദ്ദിച്ചതാണെന്നാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സംശയം. മര്‍ദ്ദനത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കാര്യമായി പരിക്കുണ്ട്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ഫഹദ്, വിശാല്‍ കൃഷ്ണ എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. പൂനൂര്‍ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ആയതിനാല്‍ കേസെടുത്തിട്ടില്ല.