തമിഴ് ബാലികയെ സംരക്ഷിക്കാമെന്ന് വാക്കുനൽകി ദത്തെടുത്ത് ലൈംഗിക പീഡനത്തിനിരയാക്കി: അടൂർ സ്വദേശിയായ പ്രതിക്ക് 109 വർഷം കഠിനതടവ്

Advertisement

പത്തനംതിട്ട: ദത്തെടുത്ത പ്രായപൂർത്തിയാകാത്ത തമിഴ്പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 63 കാരനായ വളർത്തച്ഛന് 109 വർഷം കഠിനതടവ്. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എ. സമീർ ആണ് പ്രതിക്കു കഠിനശിക്ഷ വിധിച്ചത്. 109 വർഷം കഠിനതടവും 6,25,000 പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ മൂന്നു വർഷവും രണ്ടു മാസവും കൂടി അധികതടവ് അനുഭവിക്കണം. പിഴത്തുക പെൺകുട്ടിക്ക് നൽകാനും കോടതി വിധിച്ചു.

2021 മാർച്ച്‌ 26നും 2022 മേയ് 30നുമിടയിലുള്ള കാലയളവിലാണു പ്രതിയുടെ വീട്ടിൽവച്ചു പീഡനം നടന്നത്. ഒരുവർഷത്തോളം പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചു. മാതാപിതാക്കൾ ഉപേക്ഷിച്ച പെൺകുട്ടിയും സഹോദരങ്ങളും വല്യമ്മയ്ക്കൊപ്പം കടത്തിണ്ണയിലാണു കഴിഞ്ഞിരുന്നത്. തുടർന്നാണു പ്രതിയും കുടുംബവും പെൺകുട്ടിയെ ദത്തെടുത്തത്.

2021 മാർച്ച്‌ 26 നും 2022 മേയ് 30നുമിടയിലുള്ള കാലയളവിലാണു പ്രതിയുടെ വീട്ടിൽവച്ചു പീഡനം നടന്നത്. തമിഴ്നാട് സ്വദേശികളായ മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ 12 കാരിയുൾപ്പെടെ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും പിതാവിന്റെ അമ്മയുടെ സംരക്ഷണയിലാണു കഴിഞ്ഞുവന്നത്. വിവരമറിഞ്ഞു ശിശുക്ഷേമസമിതി കുട്ടികളെ സുരക്ഷിതസ്ഥാനങ്ങളിൽ എത്തിക്കാൻ നടപടി സ്വീകരിച്ചു. ആൺകുട്ടിയെ തിരുവല്ലയിലെ ഒരു കുടുംബവും, ഒരു പെൺകുട്ടിയെ അടൂരുള്ള കുടുംബവും ദത്തെടുക്കുകയായിരുന്നു. 12 കാരിയെ പ്രതിയുടെ വീട്ടിലും വളർത്താൻ ദത്തുനൽകി. പിന്നീട് കുട്ടികളുടെ വല്യമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു.

മക്കൾ ഇല്ലാതിരുന്ന പ്രതിയും ഭാര്യയും പെൺകുട്ടിയെ വീട്ടിലെത്തിച്ച് ഒപ്പം താമസിപ്പിച്ചു. സംരക്ഷിക്കാമെന്നു സമ്മതിച്ച് വാക്കുനൽകി ഏറ്റെടുത്ത ശേഷം, കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിനാണു പ്രതി വിധേയയാക്കിയത്. അന്നുമുതൽ ഒരുവർഷത്തോളം ഇയാൾ കുട്ടിയെ പീഡിപ്പിച്ചു. മലയാളം ശരിക്കറിയാത്ത കുട്ടിക്ക്, തനിക്ക് ഏൽക്കേണ്ടിവന്ന ക്രൂരമായ പീഡനത്തെപ്പറ്റി പുറത്തുപറയാൻ കഴിഞ്ഞില്ല. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന പ്രതിയുടെ ഭീഷണിയും കുട്ടിയെ ഭയപ്പെടുത്തിയിരുന്നു.

അതിനിടെ, പ്രതിയുടെ ഭാര്യ സ്കൂട്ടറിൽ നിന്നു വീണു പരിക്കേറ്റു. കുട്ടിയെ നോക്കാൻ കഴിയില്ലെന്നുപറഞ്ഞു ഇയാൾ ശിശുക്ഷേമസമിതിയെ സമീപിക്കുകയും കുട്ടിയെ തിരിച്ചേൽപ്പിക്കുകയും ചെയ്തു. തുടർന്ന് ആൺകുഞ്ഞിനെ ദത്തെടുത്ത വീട്ടുകാർ സമിതിയെ സമീപിച്ച് 12 കാരിയെക്കൂടി ദത്തെടുത്തു കൂടെ താമസിപ്പിക്കുകയായിരുന്നു. ആ വീട്ടിലെ അമ്മയോടു കുട്ടി ക്രൂരമായ പീഡനത്തെപ്പറ്റിയുള്ള വിവരങ്ങൾ ധരിപ്പിച്ചു. അവർ നൽകിയ വിവരങ്ങള‍ുടെ അടിസ്ഥാനത്തിൽ പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2022 ഓഗസ്റ്റ് 23 ന് അന്നത്തെ പന്തളം പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ശ്രീകുമാറാണ് കേസന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

അത്യന്തം ദുരിതപൂർണമായ ജീവിതത്തിനിടെ കുട്ടി നേരിട്ട ദുരനുഭവങ്ങൾ ബോധ്യപ്പെട്ട കോടതി ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ, ബാലനീതി നിയമം എന്നിവയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി കടുത്ത ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷ്യനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിത പി. ജോൺ ഹാജരായി.