ഇടുക്കി . വിനോദസഞ്ചാര മേഖലയ്ക്ക് നവോന്മേഷം പകര്‍ന്ന് ഇടുക്കി അണക്കെട്ടിനു സമീപം ടൂറിസം വകുപ്പ് നിർമ്മിച്ച ഇക്കോ ലോഡ്ജുകള്‍ പ്രവർത്തനം തുടങ്ങി. പൂർണ്ണമായും തേക്കിൻ തടികൾ കൊണ്ടാണ് കോട്ടേജുകൾ നിർമ്മിച്ചിരിക്കുന്നത്.
ഇടുക്കി ആർച്ച് ഡാമിനോട് ചേർന്ന് മനോഹരമായ 12 കോട്ടേജുകൾ. നിലമ്പൂരിൽ നിന്ന് കൊണ്ടുവന്ന തേക്കിൻ തടികൾ കൊണ്ടാണ് ഇവയുടെ നിർമ്മാണം . ആരും കൊതിക്കുന്ന പശ്ചാത്തലത്തിലുള്ള ഒരു വിശ്രമം കേന്ദ്രം. 9 കോടിയോളം രൂപ മുടക്കിയാണ് ഇക്കോ ലോഡ്ജ് നിർമ്മാണം പൂർത്തിയാക്കിയത്. വിനോദസഞ്ചാര മേഖലയ്ക്ക് ഗുണകരമാകുന്ന പദ്ധതി എന്നാണ് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞത്. 2019 ൽ നിർമ്മാണം പൂർത്തിയായെങ്കിലും സാങ്കേതിക തടസ്സങ്ങൾ കൊണ്ട് ഉദ്ഘാടനം നീണ്ടുപോയി.
കോൺഫറൻസ് ഹാളും റസ്റ്റോറൻറും റിസപ്ഷൻ ഏരിയയുമുണ്ട്. പ്രതിദിനം 4130 രൂപയാണ് ചാർജ്ജ് നിശ്ചയിച്ചിരിക്കുന്നത്. ജില്ലയിലെ മറ്റ് പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രത്തിന്റെ ഒത്ത നടുക്കാണ് ഈ കോട്ടേജുകൾ സ്ഥിതി ചെയ്യുന്നതും.