ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നോട്ടീസ് വിവാദത്തില്‍

Advertisement

തിരുവനന്തപുരം.ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നോട്ടീസ് വിവാദത്തില്‍. രാജകുടുംബത്തിലെ പ്രതിനിധികളെ രാജ്ഞിമാരെന്ന് വിശേഷിപ്പിക്കുന്നതാണ് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനത്തിനിടയാക്കിയത്. രാജഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് പരിപാടിയുടെ നോട്ടീസ് എന്നും വിമര്‍ശനമുണ്ട്.

ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ ഭാഗമായുള്ള ദേവസ്വം ബോര്‍ഡിന്റെ നോട്ടീസ് തിരുവിതാംകൂര്‍ രാജകുടുംബത്തെ പുകഴ്ത്തിക്കൊണ്ടുള്ളതാണെന്നാണ് വിമര്‍ശനം. ചടങ്ങില്‍ ഭദ്രദീപം കൊളുത്തുക തിരുവിതാംകൂര്‍ രാജ്ഞിമാരായ പൂയം തിരുനാള്‍ ഗൗരീപാര്‍വതീഭായിയും അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മീഭായിയും എന്നാണ് നോട്ടീസിലുള്ളത്. രാജഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്നും ഇതിലുള്ള ഹിന്ദുക്കളെ ഉദ്‌ബോധിപ്പിക്കാന്‍ എന്നത് ആധുനിക സമൂഹത്തിന് ചേരാത്തതാണെന്നുമാണ് വിമര്‍ശനം. തിരുവിതാംകൂറിലെ ദലിത് ജനത പൊരുതി നേടിയതാണ് ക്ഷേത്രപ്രവേശന വിളംബരമെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.ആലപ്പുഴയിലെ ഗ്രാമങ്ങളില്‍ വീണ ചോര ഇനിയും ഉണങ്ങിയിട്ടില്ലെന്നും നാടുവാഴിത്ത മേധാവിത്വത്തെയും സംസ്‌കാരത്തേയും എഴുന്നെള്ളിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കമെന്നും ഇതില്‍ പറയുന്നു. എന്നാല്‍ നോട്ടീസിലെ പരാമര്‍ശങ്ങള്‍ വിവാദമാക്കേണ്ടതില്ലെന്നാണ് ദേവസ്വം ബോര്‍ഡ് സാംസ്‌കാരിക-പുരാവസ്തു ഡയറക്ടര്‍ ബി.മധുസൂദനന്‍ നായരുടെ പ്രതികരണം.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. നോട്ടീസിനെതിരെ ഇടതുപക്ഷ സഹയാത്രികരുടെ സാമൂഹ്യമാധ്യമ പേജുകളില്‍ വിമര്‍ശനം ഉയരുകയാണ്.

Advertisement