കല്പാത്തി രഥോത്സവത്തില്‍ രഥം തള്ളുന്നതിന് ആനയെ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം. നാട്ടാനച്ചട്ടം റൂള്‍ 10 പ്രകാരം രൂപവത്കരിച്ചിട്ടുള്ള ജില്ലാതല മോണിറ്ററിങ് സമിതിയുടെ കര്‍ശന നിര്‍ദേശമാണുള്ളത്. എഡിഎമ്മിന്റെ ചേംബറില്‍ കഴിഞ്ഞദിവസം നടന്ന യോഗത്തിലാണ് നിര്‍ദേശം ഉയര്‍ന്നിരിക്കുന്നത്. അതേസമയം, ആനയെ എഴുന്നള്ളത്തിന് കൊണ്ടുവരുന്നതിന് വിലക്കില്ല.
കഴിഞ്ഞ വര്‍ഷവും രഥം നീക്കുന്നതിന് ആനയെ ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും അതു മറികടന്ന് ആനയെക്കൊണ്ട് രഥം തള്ളിയതായി യോഗം വിലയിരുത്തി. ഇതിനെത്തുടര്‍ന്നാണ് ഈ വര്‍ഷം നിര്‍ദേശം കര്‍ശനമാക്കുന്നത്. സമിതിയുടെ തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്തശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.