4 വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് എസ്ഐ; സ്റ്റേഷൻ വളഞ്ഞ് ജനക്കൂട്ടം പ്രതിയെ ആക്രമിച്ചു

Advertisement

ദൗസ: രാജസ്ഥാിൽ നാലു വയസുകാരി അതിക്രൂരമായി പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിയായ എസ്ഐക്കുനേരെ പൊലീസ് സ്റ്റേഷൻ വളഞ്ഞ് പ്രതിഷേധവുമായി ജനക്കൂട്ടം. ഗ്രാമവാസികളുടെ നേതൃത്വത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടം കേസിലെ പ്രതിയായ എസ്ഐ ഭൂപന്ദ്ര സിങ്ങിനെ മർദ്ദിച്ചു. ഇയാളെ പൊലീസ് പിടികൂടുമ്പോഴായിരുന്നു മർദ്ദനം.

വെള്ളിയാഴ്ച ഉച്ചയ്‌ക്കാണ് കുട്ടി പീഡനത്തിന് ഇരയായത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഇയാളുടെ വാടകവീട്ടിലെത്തിച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. ഗുരുതരാവസ്ഥയിൽ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം പുറത്തറിഞ്ഞപ്പോൾ മുതൽ രാജസ്ഥാനിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

റാഹുവാസ് പൊലീസ് സ്റ്റേഷന് ചുറ്റും തമ്പടിച്ച ജനക്കൂട്ടം പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്തുണ്ടായ സംഭവം ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ വ്യാപക പ്രചാരണമാണ് ബിജെപി നടത്തുന്നത്. അതേസമയം പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എഎസ്പി ബജ്റങ് സിങ് പറഞ്ഞു. കുട്ടിയുടെ വൈദ്യ പരിശോധന നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.

കനത്ത പ്രതിഷേധത്തിനിടെ ബിജെപി എംപി കിരോഡി ലാൽ മീണ സംഭവസ്ഥലത്തെത്തി. ഇദ്ദേഹം പെൺകുട്ടിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.‘‘ പെൺകുട്ടിയുടെ കുടുംബത്തെ സഹായിക്കാനാണ് എത്തിയത്. കുടുംബത്തിന് നീതി ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. അതു കഴിഞ്ഞു മാത്രമാണ് തിരഞ്ഞെടുപ്പിനുള്ള പ്രാധാന്യം. നാണംകെട്ട സംഭവമാണിത്.’’– അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കർശനനടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.