ലഹരിമരുന്ന് കവറുകളിലാക്കി ആളൊഴിഞ്ഞ സ്ഥലത്ത് വയ്ക്കും, പണം നൽകിയാൽ ഫോട്ടോ; ‘അമൽ പപ്പടവട’ പിടിയിൽ

Advertisement

കൊച്ചി: കുറിയർ സർവീസ് വഴി ലഹരിമരുന്നു കടത്തിയതിന് ‘അമൽ പപ്പടവട’ എന്ന അമൽ നായർ വീണ്ടും പിടിയിൽ. കുറിയർ സർവീസ് വഴി ബെംഗളൂരുവിൽ നിന്നു കൊച്ചിയിലേക്കു ലഹരിമരുന്നു കടത്തുന്ന സംഘത്തിലെ പ്രധാനിയായ അമൽ നായരെ (39) 14.75 ഗ്രാം രാസലഹരിയും കഞ്ചാവ് സിഗരറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പേപ്പറുമായി ടൗൺ സൗത്ത് പൊലീസും കൊച്ചി സിറ്റി യോദ്ധാവു സ്ക്വാഡും ചേർന്നാണ് അറസ്റ്റ് ചെയ്തത്.

സമാനമായ കേസിൽ 2022 ഓഗസ്റ്റിലും അമൽ പിടിയിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വിൽപനയിൽ സജീവമായി എന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം രവിപുരം ശ്മശാനത്തിനു സമീപം കാറിലെത്തി ലഹരി മരുന്നു വിൽപന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. തുടർന്നു പനമ്പിള്ളിനഗറിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഹരി മരുന്നു തൂക്കാനുള്ള ഡിജിറ്റൽ ത്രാസ്, പൊതിയാനുള്ള പ്ലാസ്റ്റിക് കവറുകൾ, 3.75 ലക്ഷം രൂപ എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ബെംഗളൂരുവിൽ നിന്നു കൂടിയ അളവിൽ രാസലഹരി കുറിയർ സർവീസ് വഴി എത്തിച്ച ശേഷം കവറുകളിലാക്കി ആളൊഴിഞ്ഞ സ്ഥലങ്ങളിലും വാഹനങ്ങളിലും വയ്ക്കുന്നതാണു പതിവ്. തുടർന്ന് ഇതിന്റെ ഫോട്ടോ എടുത്ത് ഇടപാടുകാർക്ക് അയച്ചു കൊടുക്കും. ഇടപാടുകാർ വന്നു ലഹരിമരുന്ന് എടുത്ത ശേഷം പണം ഓൺലൈൻ വഴി കൈപ്പറ്റുന്നതാണു പ്രതിയുടെ രീതിയെന്നു പൊലീസ് പറഞ്ഞു. പ്രതിയും ഭാര്യയും ചേർന്നു നേരത്തെ എറണാകുളം എംജി റോഡിൽ ‘പപ്പടവട’ എന്ന ഹോട്ടൽ നടത്തിയിരുന്നു. ഇതിൽ കടബാധ്യത വന്നതോടെയാണു ലഹരി ഇടപാടുകളിലേക്കു തിരിഞ്ഞതെന്നാണു പൊലീസിന്റെ സംശയം.

സൗത്ത് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്.ഫൈസൽ, എസ്ഐമാരായ സി.ശരത്ത്, സി.മനോജ്, സി.അനിൽകുമാർ, എഎസ്ഐ ഷുക്കൂർ, സിവിൽ പൊലീസ് ഓഫിസർമാരായ സുമേഷ് കുമാർ, ശരത്ത്, ജിപിൻ ലാൽ എന്നിവരടങ്ങിയ അന്വേഷണ സംഘമാണു പ്രതിയെ പിടികൂടിയത്.

Advertisement