‘ബസിലടിച്ച് പറഞ്ഞതാ പോവല്ലേ ചെറിയ കുഞ്ഞുങ്ങളാണെന്ന്, പക്ഷേ..’: ‘സജിമോൻ’ പിടിച്ചെടുത്ത് പൊലീസ്

Advertisement

കൊച്ചി: അമ്മയ്ക്കൊപ്പം യാത്ര ചെയ്ത കുട്ടികളെ സ്റ്റോപ്പിൽ ഇറക്കാതെ ബസ് വിട്ട സംഭവത്തില്‍ ബസിലെ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. സജിമോൻ എന്ന ബസിലെ ജീവനക്കാർക്കെതിരെ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. മട്ടാഞ്ചേരി – ആലുവ റൂട്ടിലോടുന്ന ബസാണ് സജിമോന്‍.

കൊച്ചിൻ ഷിപ്യാർഡിന് സമീപത്തെ ചൈൽഡ് ഫെസ്റ്റിൽ പങ്കെടുത്ത ശേഷം ആറും ഒൻപതും വയസ്സുള്ള പെൺമക്കള്‍ക്കൊപ്പം മടങ്ങുകയായിരുന്നു ഷിബി. വൈകീട്ട് ഏഴു മണിയോടെ ബസ് പാലാരിവട്ടത്തെത്തി. ഷിബി ഇറങ്ങിയെങ്കിലും കുട്ടികൾ ഇറങ്ങുന്നതിന് മുൻപ് ബസ് വിട്ടു പോയി. ഉറക്കെ പല തവണ വിളിച്ച് പറഞ്ഞിട്ടും കുട്ടികളെ ഇറക്കാൻ ബസ് ജീവനക്കാർ കൂട്ടാക്കിയില്ല. ഏറെ മുന്നോട്ട് പോയ ബസ്, യാത്രക്കാർ ബഹളം വച്ചതോടെയാണ് നിർത്തിയത്. അപ്പോഴേക്കും ബസ് അടുത്ത സ്റ്റോപ്പിന് സമീപം എത്തിയിരുന്നു. അതിനിടെ ഷിബി മക്കളെ നഷ്ടമാകുന്ന പേടിയിൽ ഒരു ഓട്ടോയെടുത്ത് ബസിന്റെ പുറകേ പോയി.

“ഞാനിറങ്ങിയ ഉടനെ ബസ് സ്റ്റാര്‍ട്ട് ചെയ്തപ്പോ ബസില്‍ അടിച്ചുപറഞ്ഞു. പോവല്ലേ ചെറിയ കുഞ്ഞുങ്ങളാണെന്ന്. അവര്‍ നോക്കിയതു പോലുമില്ല. വണ്ടി എടുത്തുപോയി. നമ്മളെപ്പോലെ സാധാരണക്കാരാണ് ബസില്‍ പോകുന്നത്. ഇങ്ങനെ പെരുമാറിയാല്‍ നമ്മള്‍ എങ്ങനെ ബസില്‍ കയറും? രണ്ട് സെക്കന്‍റ് അവര്‍ക്ക് വെയ്റ്റ് ചെയ്താ മതിയായിരുന്നു. എന്നിട്ടും അവര് ചെയ്തില്ല”- ഷിബി പറഞ്ഞു.

ഇതിനിടയില്‍ കുട്ടികള്‍ ഇറങ്ങാത്തത് മനസിലാക്കി ബസിലുണ്ടായിരുന്ന സ്ത്രീ ബസ് നിര്‍ത്തിച്ച് കുട്ടികളുമായി അടുത്ത സ്റ്റോപ്പില്‍ ഇറങ്ങുകയായിരുന്നു. കുട്ടികൾക്ക് തുണയായി ആ സ്ത്രീ ബസിൽ നിന്നിറങ്ങിയത് മാത്രമാണ് ഏക ആശ്വാസമെന്ന് ഷിബി പറയുന്നു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജീവനക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

Advertisement