പാലക്കാട്: ആരോഗ്യ കിരണം പദ്ധതി വഴിയുള്ള സൗജന്യ ചികിത്സ തുടരാൻ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പാലക്കാട് മണ്ണാർക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ആശുപത്രി പരിപാലന സമിതി ചെയർമാൻ കൂടിയായ നഗരസഭാധ്യക്ഷന് നൽകിയ കത്ത് വിവാദത്തിൽ. കത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ സൗജന്യ ചികിത്സ നിർത്തുകയാണെന്ന നഗരസഭാധ്യക്ഷന്റെ പ്രഖ്യാപനത്തിൽ തിരുത്തലുമായി ആരോഗ്യമന്ത്രി വീണ ജോർജ്ജ് തന്നെ രംഗത്തെത്തി.
ആരോഗ്യ കിരണം പദ്ധതി പ്രകാരം നിരവധി പേരുടെ ആശ്രയമാണ് പാലക്കാട് മണ്ണാർക്കാട് താലൂക്ക് ആശുപത്രി. എന്നാൽ 25 ലക്ഷത്തോളം കുടിശ്ശിക ലഭിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആശുപത്രി സൂപ്രണ്ട് കത്തെഴുതിയത്. ഇത് പദ്ധതി നടത്തിപ്പിനെ സാരമായി ബാധിക്കുമെന്നും സൗജന്യമരുന്ന് ഉൾപ്പെടെ നിർത്തി വെക്കാൻ നടപടി സ്വീകരിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം. ഈ കത്ത് കിട്ടിയതും സൗജന്യ ചികിത്സ നിർത്തുന്നതായി യുഡിഎഫ് ഭരിക്കുന്ന നഗരസഭ ഭരണ സമിതി പ്രഖ്യാപ്പിച്ചു.
പിന്നാലെ അടുത്ത ദിവസം ആശുപത്രി സന്ദർശനത്തിനെത്തിയ ആരോഗ്യമന്ത്രി നഗരസഭാധ്യക്ഷന്റെ സാന്നിധ്യത്തിൽ തന്നെ ഇത് തിരുത്തി. മന്ത്രി തിരുത്തിയെങ്കിലും സൂപ്രണ്ടിന്റെ കത്തിൽ മണ്ണാർക്കാട് നഗരസഭയിൽ രാഷ്ട്രീയ വിവാദം തുടരുകയാണ്. നഗരസഭാധ്യക്ഷന്റെ നിലപാടിനെതിരെ എൽഡിഎഫും രംഗത്തെത്തി. അതേസമയം ലക്ഷങ്ങളുടെ കുടിശിക കിട്ടിയില്ലെങ്കിൽ സൗജന്യ സേവനങ്ങൾ നിർത്തേണ്ടി വരുമെന്ന ആശങ്കയാണ് നഗരസഭ അധ്യക്ഷനുമായി പങ്കുവെച്ചതെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം.