തെരഞ്ഞെടുപ്പ് പ്രക്രിയ മരവിച്ചു സംസ്ഥാനത്ത് നിർജീവമായി യൂത്ത് കോൺഗ്രസ്

Advertisement

തിരുവനന്തപുരം.തെരഞ്ഞെടുപ്പ് പ്രക്രിയ മരവിച്ചു സംസ്ഥാനത്ത് നിർജീവമായി യൂത്ത് കോൺഗ്രസ്. സംഘടനാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനം വൈകുന്നതോടെ കേരളത്തിൽ യൂത്ത് കോൺഗ്രസിൻറെ പ്രക്ഷോഭങ്ങളും സമരങ്ങളും ഇല്ലാതായിട്ട് അഞ്ചുമാസം പിന്നിട്ടു. തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത രണ്ട് ലക്ഷത്തിലധികം വോട്ടുകൾ അസാധു ആയതും പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നു.

മാസങ്ങൾ നീണ്ട യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അംഗത്വമെടുത്തത് 7,29,626 പേർ. പിന്നാലെ നടന്ന സൂക്ഷ്മ പരിശോധനയിൽ 2,16,462 വോട്ടുകളും അസാധുവായി. ഓരോ അംഗത്വത്തിനും 50 രൂപ വീതം ഈടാക്കിയിരുന്നു. പണം പിരിക്കാൻ വേണ്ടി മാത്രം ഒരു തെരഞ്ഞെടുപ്പ് എന്ന സംഘടനയ്ക്കുള്ളിലെ തന്നെ ആക്ഷേപത്തിനും ഈ കണക്കുകൾ ആക്കം കൂട്ടുന്നു.

അതിനിടെ സംഘടനാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അനന്തമായി നീളുന്നതോടെ സംസ്ഥാനത്ത് അഞ്ചര മാസത്തിലധികമായി യൂത്ത് കോൺഗ്രസ് നിർജീവമാണ്.

മെയ് 26 തൃശ്ശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തോടെ പഴയ ഭാരവാഹികൾ സംഘടനയെ കയ്യൊഴിഞ്ഞു. പിന്നീട് ഒരു സമരമോ പ്രക്ഷോഭമോ പരിപാടിയോ സംസ്ഥാന കമ്മിറ്റിയുടേതായി നടന്നില്ല. ജൂണിൽ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ജൂലൈ അവസാനത്തോടെ പുതിയ അധ്യക്ഷൻ ഉൾപ്പെടെ നിലവിൽ വരുമെന്നായിരുന്നു ആദ്യം പ്രഖ്യാപനം. കേസും, ഉമ്മൻചാണ്ടിയുടെ മരണവും പിന്നാലെ എത്തിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമെല്ലാം വിലങ്ങുതടിയായി. ഒടുവിൽ സെപ്റ്റംബർ 26 ഓടെ തെരഞ്ഞെടുപ്പ് പൂർത്തീകരിച്ചു. പിന്നീടും ഒന്നരമാസം കഴിഞ്ഞിട്ടും ഫലപ്രഖ്യാപനം ആയില്ല. സൂക്ഷ്മ പരിശോധനയും മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കി ഈ മാസം തന്നെ ഫലപ്രഖ്യാപനം എന്നാണ് സൂചന. എന്നാൽ സംസ്ഥാനത്ത് വലിയ സമരങ്ങൾ നടക്കേണ്ട കാലയളവിൽ പ്രതിപക്ഷ യുവജന സംഘടന നിർജീവമായി പോയതിൽ കോൺഗ്രസിനുള്ളിൽ അമർഷം ഉണ്ട്. മൂന്നുകോടി 84 ലക്ഷത്തിൽ പരം രൂപയാണ് സംഘടനാ തെരഞ്ഞെടുപ്പിന്റെ പേരിൽ സംസ്ഥാനത്ത് നിന്ന് തെരഞ്ഞെടുപ്പ് നടത്തിയ ഏജൻസി പിരിച്ചെടുത്തത്.