കലാഭവന്‍മണിയുടെ മരണത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥന്‍…. അവസാന നാളുകളില്‍ മണി ഉപയോഗിച്ചത് പത്തില്‍ കൂടുതല്‍ ബിയര്‍

Advertisement

മലയാള സിനിമയില്‍ നടന്‍ കലാഭവന്‍ മണിയുടെ മരണം മലയാളി പ്രേക്ഷകരുടെയിടയില്‍ ഇന്നും ഒരു വിങ്ങലായി നില്‍ക്കുകയാണ്. മലയാളി പ്രേക്ഷകര്‍ ഒരിക്കലും മറവിയ്ക്ക് വിട്ടുകൊടുക്കാന്‍ ആഗ്രഹിക്കത്തൊരു മുഖം. മലയാളി മനസുകളില്‍ ഇന്നും തീരാത്ത ഒരു വേദന തന്നെയാണ് ആ അപ്രതീക്ഷിത മരണം. അഭിനയത്തേയും കലയെയും ജീവനോളം സ്‌നേഹിച്ച ആ അതുല്യ കലാകാരന്‍ വിടപറഞ്ഞിട്ട് ഏഴ് വര്‍ഷം പിന്നിട്ടിരിക്കുന്നു.
മണിയുടെ മരണത്തെക്കുറിച്ച് സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഉണ്ണിരാജന്‍ ഐപിഎസിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്. മണിയുടെ രക്തത്തില്‍ കണ്ടെത്തിയ മീഥൈല്‍ ആല്‍ക്കഹോളിന്റെയും കീടനാശിനിയുടെയും സാന്നിധ്യം മരണം സംബന്ധിച്ച് ഏറെ ദുരൂഹത സൃഷ്ടിച്ചിരുന്നു.
‘ഇന്‍വെസ്റ്റിഗേഷന്റെ ഭാഗമായി മണിയുടെ പാഡി പല തവണ പരിശോധിച്ചിരുന്നു. അതിന്റെ പരിസരത്ത് കാണപ്പെട്ടിരുന്ന എല്ലാ വസ്തുക്കളും കണ്ടെടുക്കുകയും അവിടെ ഉണ്ടായിരുന്ന എല്ലാവരെയും തലേദിവസം മണിയെ കാണാന്‍ വന്നിരുന്ന സുഹൃത്തുക്കളായ ജാഫര്‍ ഇടുക്കി, തരികിട സാബു തുടങ്ങിയവരെയും ഉള്‍പ്പെടുത്തി വിശദമായ മൊഴിയും രേഖപ്പെടുത്തിയിരുന്നു. മണിയുടെ രക്ത പരിശോധനാ റിപ്പോര്‍ട്ടില്‍ നിന്നും കിട്ടിയത് മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം രക്തത്തില്‍ ഉണ്ട് എന്നാണ്. സാധാരണ മദ്യപിക്കുമ്പോള്‍ ഈഥൈല്‍ ആല്‍ക്കഹോളാണ് കാണാറുള്ളത് മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം സാധാരണ കാണുന്നത് ടര്‍പന്റൈന്‍ അല്ലെങ്കില്‍ പെയിന്റ് റിമൂവറിലാണ്. ഇതിനെ സര്‍ജിക്കല്‍ സ്പിരിറ്റ് എന്നു പറയും.
മീഥൈല്‍ ആല്‍ക്കഹോള്‍ കഴിക്കാന്‍ ഉപയോഗിക്കാത്തതാണ്. മീഥൈല്‍ ആല്‍ക്കഹോളില്‍ ഏകദേശം 90 ശതമാനവും ഈഥൈല്‍ ആല്‍ക്കഹോളാണ്. 9.5 ശതമാനം ഈ പറയുന്ന മീഥൈല്‍ ഉണ്ട്. 0.5 ശതമാനം പോയിസണ്‍ സബ്സ്റ്റന്‍സും ഉണ്ട്. 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 30 മില്ലിഗ്രാമില്‍ കൂടുതല്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം ഉണ്ടെങ്കില്‍ അത് അപകടകരമാണ്. സാധാരണ നമ്മള്‍ കഴിക്കുന്നത് ഈഥൈല്‍ ആല്‍ക്കഹോളാണ്. വീട്ടിലോ പുറത്തോ ഒക്കെ ചാരായം വാറ്റുമ്പോള്‍ അതില്‍ പല വസ്തുക്കളും ചേര്‍ക്കാറുണ്ട്. അതില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം ഉണ്ടാകാം. പഴയ വൈപ്പിന്‍ മദ്യ ദുരന്തത്തിനെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. അന്ന് ആ ദുരന്തത്തിന് കാരണം മീഥൈല്‍ ആല്‍ക്കഹോളിന്റെ ക്വാണ്ടിറ്റി ടെസ്റ്റ് ചെയ്യുമ്പോള്‍ തെറ്റിപോയതായിരുന്നു. വൈപ്പിന്‍ ദുരന്തം അക്കാലത്തെ വലിയ ദുരന്തമായിരുന്നു.

മണിയുടെ രക്തത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം ഉണ്ടായിരുന്നു. അതോടൊപ്പം ചില പെസ്റ്റിസൈഡ്സിന്റെയും അംശം കിട്ടി. മീഥൈല്‍ ആല്‍ക്കഹോളിനെപ്പറ്റി പിന്നീട് അന്വേഷിച്ചു, മണിക്ക് സുഹൃത്തുക്കളാരെങ്കിലും അടുത്ത കാലത്തെങ്ങാനും ചാരായം വാറ്റി കൊടുത്തിട്ടുണ്ടോ, ടൂറു പോകുന്ന വഴിക്ക് ചാരായം കുടിച്ചിട്ടുണ്ടോ? പക്ഷേ അടുത്തകാലത്ത് മണി പുറത്തുനിന്നൊന്നും ചാരായം കുടിച്ചിട്ടില്ല എന്നാണറിയാന്‍ കഴിഞ്ഞത്. ഇതിനു മൂന്നു മാസം മുന്‍പ് മണി ആരോ വാറ്റികൊണ്ടു വന്ന ചാരായം കുടിച്ചിട്ടുണ്ട്. പിന്നീട് മണി പോകുന്നത് മൂന്നാറാണ്. അവിടെ മണിക്കൊരു വീടുണ്ട്. അവിടെ കമ്പനി കൂടിയോ എന്ന് അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു വിവരവും നമുക്കു കിട്ടിയില്ല. മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം മണിയില്‍ എങ്ങനെ ഉണ്ടായി എന്നതിനെപ്പറ്റി അന്വേഷിച്ച് കണ്ടുപിടിക്കേണ്ടത് ബാധ്യതയായി മാറി പൊലീസിന്. പക്ഷേ വളരെ കുറച്ച് അളവേ ഉണ്ടായിരുന്നുള്ളൂ. സാധാരണ മീഥൈല്‍ ആല്‍ക്കഹോള്‍ കഴിച്ചാല്‍ കണ്ണിന്റെ കാഴ്ച പോകും, മറ്റുള്ള അസ്വസ്ഥതകളൊക്കെയാണ് ഉണ്ടാകുന്നത്. മീഥൈല്‍ ആല്‍ക്കഹോള്‍ കഴിച്ചാല്‍ അതിനു മെഡിസിനായിട്ട് കൊടുക്കുന്നത് ഈഥൈല്‍ ആല്‍ക്കഹോളാണ്. ന്യൂട്രലൈസ് ചെയ്യാന്‍ കൊടുക്കുന്നതാണ്.
അതിനെപ്പറ്റിയും മറ്റുള്ള കാര്യങ്ങളെപ്പറ്റിയും ഞങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അള്‍ട്ടിമേറ്റായി ചോദിക്കുമ്പോള്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് വളരെ വളരെ കുറവാണ്. അന്ന് നമ്മുടെ കൂടെയുണ്ടായിരുന്ന ഡിവൈഎസ്പി സുദര്‍ശന്‍ ഇപ്പോള്‍ അദ്ദേഹം ക്രൈം ബ്രാഞ്ച് എസ്പി ആണ്. അദ്ദേഹം ആ സ്ഥലത്തു നിന്ന് മണി കുടിച്ചിരുന്ന ബീയറിന്റെ കുപ്പികളെല്ലാം കലക്റ്റ് ചെയ്തിട്ട് കെമിക്കല്‍ അനാലിസിസിന് അയച്ചു. അതിന്റെ റിസല്‍റ്റിനായി വെയ്റ്റ് ചെയ്തു. മണി സാധാരണ പച്ചക്കറി കഴിക്കാറുണ്ട്. പച്ചക്കറിയില്‍ കീടനാശിനി ഉപയോഗിക്കാറുണ്ട്. ഇനി അങ്ങനെ പച്ചയ്ക്ക് പച്ചക്കറി കഴിച്ചപ്പോള്‍ പെസ്റ്റിസൈഡ്സ് അകത്തു പോയിട്ടുണ്ടോ എന്നും അന്വേഷിച്ചു.
അതിന്റെ അന്വേഷണം ഊര്‍ജിതമായി നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ അന്ന് മണി ഇവരുടെ കൂടെ ഇറച്ചി കഴിച്ചതായിട്ടോ മറ്റു ഭക്ഷണം കഴിച്ചതായിട്ടോ പുറത്തു നിന്നു വാറ്റി കൊണ്ടു വന്ന എന്തെങ്കിലും കുടിച്ചതായിട്ടോ ഉള്ള തെളിവില്ല. സമീപകാലത്തായി മണി ബീയര്‍ മാത്രമേ കഴിക്കാറുള്ളൂ. അതിനെപ്പറ്റി അന്വേഷിച്ചുകൊണ്ടിരുന്നപ്പോഴാണ് മനസ്സിലായത് മണി ഒരു ക്രോണിക് ഡയബറ്റിക് പേഷ്യന്റാണെന്ന്. മണി ഡയബറ്റിസിനു വേണ്ടി കഴിക്കുന്ന ഒരു ടാബ്ലറ്റ് ഉണ്ട്. മണിക്ക് ഈ ടാബ്ലറ്റ് ഡോക്ടര്‍ വളരെ നേരത്തേ തന്നെ എഴുതി കൊടുത്തതാണ്. ഈ ടാബ്ലറ്റിനൊപ്പം മദ്യം കഴിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ ഇവ തമ്മില്‍ രാസപ്രക്രിയ ഉണ്ടായി ശരീരത്തെ ദോഷകരമായി ബാധിക്കും. രാവിലെയും വൈകിട്ടും ഈ ടാബ്ലറ്റ് മണി കഴിക്കുന്നുണ്ട്. അന്ന് രാവിലെയും മണി ഈ ടാബ്ലറ്റ് കഴിച്ചിരുന്നു. നാലോ അഞ്ചോ വര്‍ഷം മുമ്പ് ഡോക്ടര്‍ എഴുതി തന്ന മരുന്ന് തുടര്‍ച്ചയായി ഇങ്ങനെ ഉപയോഗിക്കും, പിന്നീട് അതിനെപ്പറ്റി ഡോക്ടറോട് അന്വേഷിക്കാന്‍ പോകുകയുമില്ല, ഇതാണ് നമ്മളൊക്കെ ചെയ്യുന്നത്. മണിക്കും വളരെ നാളുകള്‍ക്കു മുന്നേ എഴുതി കൊടുത്തിരുന്ന മരുന്നാണിത്.
ഇതോടൊപ്പം തന്നെ മണി ശാരീരകമായി വീക്ക് ആകാന്‍ തുടങ്ങിയിരുന്നു. ചെര്‍പ്പളശ്ശേരിയില്‍ വച്ചാണ് മണി അവസാനമായി പ്രോഗ്രാം ചെയ്തതെന്നാണ് ഓര്‍മ. മണി നല്ല ആരോഗ്യമുള്ള ഒരാളായിരുന്നു. ആരോഗ്യം മോശമായപ്പോള്‍ മുതല്‍ മണി ഷര്‍ട്ടിനുള്ളില്‍ ഒന്നോരണ്ടോ സ്വെറ്റര്‍ പോലുള്ള ബനിയന്‍ ഇട്ടാണ് പുറത്തേക്ക് പോയിരുന്നത്. എഴുന്നേറ്റു നില്‍ക്കാന്‍ പോലും വയ്യെങ്കിലും ചെര്‍പ്പളശ്ശേരിയില്‍ മൂന്നു മണിക്കൂറാണ് നിന്ന് പാടിയത്. പക്ഷേ അവിടെ നിന്നു തിരിച്ചു വരുമ്പോള്‍ മണി വല്ലാതെ വീക്കായി തുടങ്ങിയിരുന്നു. ശാരീരികമായി പ്രമേഹം മണിയെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു. പക്ഷേ മണി പുറത്താരോടും ഇതു പറഞ്ഞിരുന്നില്ല.
ഇതിനിടയില്‍ മണിയുമായി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്തു. അവര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണോ എന്നു പരിശോധിച്ചു. ജാഫര്‍ ഇടുക്കി, നാദിര്‍ഷ, തരികിട സാബു ഇവരെയൊക്കെ ചോദ്യം ചെയ്തു. ബീയര്‍ കുടിച്ചു എന്നല്ലാതെ മണി മറ്റൊന്നും കുടിച്ചിരുന്നില്ലെന്നാണ് ഇവരൊക്കെ പറഞ്ഞത്. ഇതിനിടയില്‍ ബീയറിന്റെ കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടിന്റെ ഫലം കിട്ടി. ആ റിസല്‍റ്റിലാണ് നേരത്തെ നമ്മള്‍ സൂചിപ്പിച്ച മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കാണുന്നത്. അതു വരെ നമ്മുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലായിരുന്നു ബീയറില്‍ മെത്തലേറ്റഡ് സ്പിരിറ്റ് ഉണ്ടെന്നുള്ള കാര്യം. അതിനുശേഷം തിരുവനന്തപുരത്ത് മെഡിക്കല്‍ ബോര്‍ഡ് കൂടി മണിയുടെ കാര്യങ്ങള്‍ വളരെ ഡീറ്റെയില്‍ ആയി ചര്‍ച്ച ചെയ്തു. എന്തൊക്കെ കാര്യങ്ങള്‍ കൊണ്ടായിരിക്കും ഈ മരണം സംഭവിച്ചത്? ഏതെങ്കിലും ഭാഗത്ത് നമുക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ? തുടങ്ങിയ കാര്യങ്ങള്‍ വളരെ വിശദമായി സംസാരിച്ചു.
ഇതില്‍ നിന്നു മനസ്സിലാകുന്നത് മണി തന്റെ അസുഖം അവഗണിച്ചു എന്നാണ്. മറ്റുള്ളവര്‍ പറഞ്ഞിട്ടും മണി അതിനെ കാര്യമായി ഗൗനിച്ചില്ല എന്നു കരുതേണ്ടിയിരിക്കുന്നു. മണിയുടെ കൂടെയുണ്ടായിരുന്ന സന്തതസഹചാരിയും കൂട്ടുകാരനുമായ ഒരാള്‍ക്ക് ലിവറിന് അസുഖം വന്നപ്പോള്‍ അദ്ദേഹത്തിന് 10 ലക്ഷം രൂപ കൊടുത്ത് സഹായിച്ചതും മണിയാണ്. പക്ഷേ മണിയുടെ കാര്യത്തില്‍ ആ എഫര്‍ട്ട് മണി എടുത്തില്ല. മണിയുടെ സഹോദരനായ രാമകൃഷ്ണന് അന്വേഷണത്തില്‍ ചില സംശയങ്ങള്‍ പറഞ്ഞതുകൊണ്ട് കേസ് സിബിഐയ്ക്കു വിട്ടു. പക്ഷേ മണിയുടെ മരണകാരണം ലിവര്‍ സിറോസിസ് ആയിരുന്നു. മണി ഒരു ലിവര്‍ സിറോസിസ് രോഗി ആയിരുന്നു. ലിവര്‍ പൊട്ടിയിട്ട് കഴുത്തിലുള്ള നേര്‍വ്സിന് പലപ്പോഴും ബാന്‍ഡിങ് നടത്തേണ്ടി വന്നിട്ടുണ്ട്. മണി പലപ്പോഴും ഇത് ശ്രദ്ധിച്ചിരുന്നില്ല.
മണി രക്തം ഛര്‍ദിക്കുമായിരുന്നെങ്കിലും ബീയര്‍ കഴിക്കുമായിരുന്നു. രക്തം ഛര്‍ദിക്കുന്നത് ലിവര്‍ സിറോസിസിന്റെ ലക്ഷണമാണ്. മണി ഒരു ദിവസം ഉപയോഗിച്ചിരുന്നത് 12-13 കുപ്പി ബീയര്‍ ആണ്. മരിക്കുന്നതിന്റെ തലേദിവസമായ 4-ാം തീയതിയും അതിന്റെ തലേന്ന് മൂന്നാം തീയതിയും മരിക്കുന്നതിന്റെ അന്ന് 5-ാം തീയതിയും മണി ബീയര്‍ ഉപയോഗിച്ചിരുന്നു. നാലാം തിയതി 12 കുപ്പി ബീയര്‍ കുടിച്ചിട്ടുണ്ടാകും. സാധാരണ ആളുകളൊക്കെ പറയും മൂത്രം പോകാനും മറ്റുമൊക്കെ ബീയര്‍ കുടിക്കുന്നത് നല്ലതാണെന്ന്. മണി ഉപയോഗിച്ചിരുന്ന ബീയര്‍ കുപ്പിയും മറ്റു ബാറില്‍ നിന്നും എടുത്ത ബീയര്‍ കുപ്പിയും കെമിക്കല്‍ അനാലിസിസിന് അയയ്ക്കുകയും ഈ ബീയറില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
ബിയറില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ ചെറിയ ഒരംശം ഉണ്ടെന്നുള്ളത് സത്യമാണ്. പക്ഷേ ഒരുപാട് ബീയര്‍ കഴിക്കുമ്പോള്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് നമ്മുടെയുള്ളില്‍ കൂടുകയാണ് ചെയ്യുന്നത്. മണിയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. പ്രത്യേകിച്ച് മണി ഒരു ലിവര്‍ സിറോസിസ് രോഗി ആകുമ്പോള്‍ ഇത് പെട്ടെന്ന് ട്രിഗര്‍ ചെയ്യും. മണിയുടെ കാര്യത്തില്‍ സംഭവിച്ചത് ബീയര്‍ കൂടുതല്‍ കഴിച്ചതുകൊണ്ടുണ്ടായ മീഥൈല്‍ ആല്‍ക്കഹോളിന്റെ കണ്ടന്റ് കൂടിയതുകൊണ്ടുള്ള മരണമാണ്. തനിക്ക് ലിവര്‍ സിറോസിസ് ഉണ്ടെന്ന് അറിയാമായിരുന്നിട്ടും മണി ഇതിന് അഡിക്റ്റ് ആയതുകൊണ്ടാണോ എന്നറിയില്ല, അദ്ദേഹം കൂടുതലായി കഴിച്ചിരുന്നത് ബീയറായിരുന്നു. അത് അറിയാതെയാണെങ്കിലും മരണം വിലകൊടുത്തു മേടിക്കുന്നതിനു തുല്യമായിരുന്നു അത്.
അന്വേഷണവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതു കൊണ്ട് പിന്നീട് കേസന്വേഷിച്ചത് സിബിഐ ആയിരുന്നു. എന്നാല്‍ സിബിഐയും ഈ ഒരു കണ്‍ക്ലൂഷനിലേക്കാണ് എത്തിയത്. കാരണം ഞങ്ങളുടെ ഇന്‍വെസ്റ്റിഗേഷന്‍ വളരെ മെറ്റിക്കുലസ് ആയിരുന്നു. മണി എന്നു പറയുന്ന കലാകാരനോടുണ്ടായിരുന്ന എല്ലാ പ്രതിബദ്ധതയും എല്ലാ സ്നേഹബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ടു തന്നെ മണിയുടെ മരണത്തിന്റെ കാരണം കണ്ടുപിടിക്കണം എന്നുള്ള ത്വരയോടു കൂടി തന്നെയാണ് ഞങ്ങളുടെ ടീം നന്നായി അന്വേഷിച്ചത്. ചുരുക്കി പറഞ്ഞാല്‍ വിലകൊടുത്തു മേടിച്ച മരണം ആയിപ്പോയി നല്ലൊരു കലാകാരന് സംഭവിച്ചത് എന്നുള്ള കാര്യത്തില്‍ സംശയമില്ല.’