‘അഴിമതിക്ക് തെളിവില്ല, പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്’: ദുരിതാശ്വാസനിധി ഹർജി തള്ളി ലോകായുക്ത ; സർക്കാരിന് ആശ്വാസം

Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മുൻ മന്ത്രിമാരെയും എതിർ കക്ഷികളാക്കി ഫയൽ ചെയ്ത ഹർജി ലോകായുക്ത തള്ളിയതോടെ സർക്കാരിന് ആശ്വാസം . ദുരിതാശ്വാസനിധിയിൽനിന്നു പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്ന് ലോകായുക്ത പറഞ്ഞു.

മൂന്നു ലക്ഷത്തിനു മുകളിലാണെങ്കിൽ മന്ത്രിസഭയുടെ അംഗീകാരം മതി. ഈ കേസിൽ അതു പാലിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയോ മന്ത്രിസഭയിലെ അംഗങ്ങളോ വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ തീരുമാനം ആണെന്നതിനും അഴിമതിയും സ്വജനപക്ഷപാതവും നടത്തി എന്നതിനും തെളിവില്ലെന്ന് ലോകായുക്ത വിധിയിൽ പറഞ്ഞു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണു വിധി പറഞ്ഞത്.

2018 സെപ്റ്റംബർ ഏഴിനാണു തിരുവനന്തപുരം നേമം സ്വദേശി ആർ.എസ്.ശശികുമാർ ഹർജി ഫയൽ ചെയ്തത്. രണ്ടംഗ ഡിവിഷൻ ബെഞ്ചിലുണ്ടായ ഭിന്നവിധിയെ തുടർന്നു ഹർജിയിൽ തീരുമാനമെടുക്കുന്നതിനായി മൂന്നംഗ ബെഞ്ചിന് മാർച്ച്‌ 31ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് വിടുകയായിരുന്നു. മന്ത്രിസഭാ തീരുമാനം ലോകായുക്തയ്ക്കു പരിശോധിക്കാമോ, കേസ് നിലനിൽക്കുമോ എന്നീ കാര്യങ്ങളിലായിരുന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനും ഭിന്നാഭിപ്രായം.

Advertisement