സാമ്പത്തിക പ്രതിസന്ധിയിൽ തുറന്ന പോരുമായി കേന്ദ്രവും സംസ്ഥാനവും

Advertisement

തിരുവനന്തപുരം . കേരളത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിയിൽ തുറന്ന പോരുമായി കേന്ദ്രവും സംസ്ഥാനവും. ധന പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാർ എന്ന വാദമുയർത്തി പ്രതിരോധിക്കുകയാണ് സംസ്ഥാന സർക്കാർ. എന്നാൽ സംസ്ഥാനത്തിന്റെ ധൂർത്ത് കേന്ദ്രത്തിന്റെ തലയിൽ അടിച്ചേൽപ്പിക്കരുത് എന്നാണ് ബിജെപി നേതാക്കളുടെ വാദം.

ഇന്നലെ കണ്ടത് സാമ്പത്തിക പ്രതിസന്ധിയിൽ പരസ്പരം ചെളി വാരിയെറിയുന്ന കേന്ദ്ര മന്ത്രിയെയും സംസ്ഥാനമന്ത്രിയെയും ആണ്. സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവൻ ഉത്തരവാദി കേന്ദ്രമാണെന്നും അർഹിച്ച വിഹിതം തടഞ്ഞുവെക്കുകയാണെന്നുമായിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വാദം. സാമ്പത്തിക പ്രതിസന്ധി ചർച്ചയാവുമ്പോഴൊക്കെയും സംസ്ഥാന സർക്കാരിൻറെ പ്രതിരോധം ഇങ്ങനെ തന്നെയായിരുന്നു. എന്നാൽ കണക്കുകൾ നിരത്തി മന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന വാദവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തിയതോടെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തുറന്ന പോരിന് കളമൊരുങ്ങി.

ധന പ്രതിസന്ധിക്കിടെ കേരളീയവും, നവ കേരള സദസ്സും ഉൾപ്പെടെ അനാവശ്യ ചെലവുകൾ എന്ന വാദം പ്രതിപക്ഷം നേരത്തേ ഉയർത്തിയതാണ്. ഇതിനെ പ്രതിരോധിക്കാൻ സർക്കാർ എല്ലാം കേന്ദ്രത്തിന് മുകളിൽ വെക്കുകയാണെന്നാണ് ബിജെപി നേതാക്കളുടെ വാദം. സാമൂഹ്യക്ഷേമ പെൻഷനായി 521 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ കുടിശിക ഉൾപ്പെടെ കേന്ദ്രം 604.14 കോടി രൂപ കഴിഞ്ഞമാസം കൈമാറി എന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടാം ഗഡുവിന് അപേക്ഷ പോലും നൽകിയിട്ടില്ലെന്നും കേന്ദ്രമന്ത്രിയുടെ ആരോപണം. യുഡിഎഫും സാമ്പത്തിക പ്രതിസന്ധിയെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ഒരുങ്ങുകയാണ്.

Advertisement