തിരുവനന്തപുരം. പാര്‍ട്ടിയുടെ പ്രതിസന്ധിപോലും മറന്ന് നടത്തിയ ഗ്രൂപ്പ് പോരാട്ടത്തിനൊടുവില്‍ യൂത്ത് കോൺഗ്രസിന് പുതിയ സംസ്ഥാന അധ്യക്ഷനായി. അരലക്ഷം വോട്ടിന്‍റെ ലീഡിലാണ് എ ഗ്രൂപ്പ് സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തുന്നത്.എതിരാളിയെ നിഷ്പ്രഭമാക്കുന്ന പരന്ന അറിവും ആരെയും ആകര്‍ൽിക്കുന്ന വാഗ്വിലാസവും കൊണ്ട് കോൺഗ്രസിന് വേണ്ടി ചാനൽ ചർച്ചകളിൽ നിറഞ്ഞു നിന്ന രാഹുലിന് ഇത് മിന്നുന്ന വിജയമാണ്. നീണ്ട സംഘടനാ തെരഞ്ഞെടുപ്പ് നടപടിക്കൊടുവില്‍ രണ്ടാം സ്ഥാനത്തുള്ള അബിന്‍ വര്‍ക്കിയേക്കാള്‍ 53,398 വോട്ടുകള്‍ നേടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിയായത്. ഇനി ഷാഫി പറമ്പിലിന്‍റെ പിന്മുറക്കാരനായി രാഹുൽ യൂത്ത് കോൺഗ്രസിനെ നയിക്കും.
നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെപിസിസി അംഗവുമാണ് കോൺഗ്രസിന്‍റെ യുവ നേതൃനിരയിലുള്ള രാഹുൽ. കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറിയും എൻഎസ്‌യു ദേശീയ സെക്രട്ടറിയും ആയി ചുമതല വഹിച്ചിരുന്നു. ഡൽഹി സെന്റ് സ്റ്റീഫൻസിൽനിന്ന് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം നേടയിട്ടുള്ള രാഹുൽ നിലവിൽ എംജി യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി ചെയ്യുകയാണ്. പത്തനംതിട്ട അടൂർ സ്വദേശിയായ രാഹുൽ ചാനൽ ചർച്ചകളിലൂടെയാണ് കോണ്‍ഗ്രസിൽ ശ്രദ്ധേയനാകുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ രാഹുലിന് ആവഴിക്ക് ആരാധകരേറെ. പാർട്ടി പ്രതിസന്ധിയിൽ അകപ്പെടുമ്പോഴും രാഷ്ട്രീയ വിവാദങ്ങളിലും സമൂഹമാധ്യമങ്ങളിലൂടെ കോൺഗ്രസിന് വേണ്ടി സജീവ ഇടപെടൽ നടത്തിയിരുന്ന രാഹുൽ തൃക്കാക്കരയിലെയും പുതുപ്പള്ളിയിലെയും ഉപതെരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് മുൻ നിരയിലുണ്ടായിരുന്നു