വാർത്താനോട്ടം

Advertisement

2023 നവംബർ 15 ബുധൻ

🌴 കേരളീയം 🌴

🙏അനിശ്ചിതകാല ബസ് സമരത്തില്‍ നിന്ന് പിന്‍മാറിയതായി സ്വകാര്യ ബസ് ഉടമകള്‍. ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

🙏ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദം രൂപപ്പെട്ടു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം വ്യാഴാഴ്ച്ചയോടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂന മര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

🙏ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. എല്ലാ തീര്‍ത്ഥാടകര്‍ക്കും സുഗമവും സുരക്ഷിതവുമായ സൗകര്യങ്ങള്‍ ഒരുക്കിയതായും ദേവസ്വം മന്ത്രി പറഞ്ഞു.

🙏നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള സ്പെഷ്യല്‍ ബസിനായി ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. ട്രഷറി നിയന്ത്രണം മറികടന്നാണ് പണം അനുവദിച്ചത്. ആഢംബര ബസിന്റെ പണി ബെംഗളൂരിവില്‍ പുരോഗമിക്കുകയാണ്. ഈ മാസം 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ്സ്.

🙏കോണ്‍ഗ്രസിന്റെ പലസ്തീന്‍ റാലിക്ക് കോഴിക്കോട് ബീച്ചില്‍ തന്നെ വേദി അനുവദിക്കും. നവകേരള സദസ്സിന്റെ വേദിയില്‍ നിന്ന് 100 മീറ്റര്‍ മാറി കോണ്‍ഗ്രസ്സിനൂ സ്ഥലം അനുവദിക്കുമെന്ന് കളകടര്‍ ഉറപ്പ് നല്‍കി. മന്ത്രി മുഹമ്മദ് റിയാസ് കളക്ടറുമായും ഡിസിസി പ്രസിഡന്റുമായും സംസാരിച്ചതിനെതുടര്‍ന്നാണ് പ്രശ്ന പരിഹരാത്തിന് വഴിയൊരുങ്ങിയത്.

🙏നവംബര്‍ 18, 19 തീയതികളില്‍ കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.

🙏തിരുവനന്തപുരം ഡിവിഷനിലെ ഇരിഞ്ഞാലക്കുട- പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ഈ രണ്ട് ദിവസങ്ങളില്‍ ട്രെയിനുകള്‍ റദ്ദാക്കിയത്.

🙏 18ാം തീയതി മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603), എറണാകുളം-ഷൊറണൂര്‍ മെമു എക്സ്പ്രസ് (06018), എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് (06448) എന്നീ ട്രെയിനുകൾ റദ്ദാക്കി.

🙏19ാം തീയതി തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് (16604), ഷൊറണൂര്‍-എറണാകുളം മെമു എക്സ്പ്രസ് (06017), ഗുരുവായൂര്‍-എറണാകുളം എക്സ്പ്രസ് (06449), എറണാകുളം-കോട്ടയം (06453), കോട്ടയം-എറണാകുളം (06434) ട്രെയിനുകളാണ് റദ്ദാക്കിയത്.

🙏ഓര്‍ഡിനന്‍സുകള്‍ അംഗീകരിക്കാത്തതു സംബന്ധിച്ച് ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നാലെ കാലിത്തീറ്റയിലെ മലിനീകരണത്തിനെതിരേ നടപടിസ്വീകരിക്കുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു.

🙏ബാലസൗഹൃദ കേരളം ലക്ഷ്യമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഞ്ഞുങ്ങളുടെ ബൗദ്ധികവും ശാരീരികവുമായ വളര്‍ച്ചയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, പിന്തുണ സാധ്യമാക്കുക എന്നതാണ് പ്രധാനം. വനിത ശിശുവികസന വകുപ്പിന്റെ ശിശു ദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

🙏കണ്ണൂര്‍ അയ്യന്‍കുന്നില്‍ മാവോയിസ്റ്റുകള്‍ക്കായി ദൗത്യസംഘത്തിന്റെ തെരച്ചില്‍. തിങ്കളാഴ്ച രാത്രി 2 തവണ വെടിവയ്പ്പുണ്ടായെന്നും ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു. അതേസമയം, മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഡിഐജി അറിയിച്ചു.

🙏കണ്ടല ബാങ്ക് കള്ളപ്പണക്കേസില്‍ സിപിഐ നേതാവും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ എന്‍ ഭാസുരാംഗന്‍, മകന്‍ അഖില്‍ ജിത്ത് എന്നിവര്‍ക്ക് വീണ്ടും ഇഡി സമന്‍സ്. ഇന്ന് രാവിലെ 10.30 ന് കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകണമെന്നാണ് ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

🙏ആലുവ വിധി ആശ്വാസമെന്ന് പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുട്ടികളുടെ സംരക്ഷണത്തിന് മുന്തിയ പരിഗണന വേണം. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പൂര്‍ണമായ പരിരക്ഷ നല്‍കാന്‍ സര്‍ക്കാരിന് കഴിയണമെന്നും പൊലീസും ഇന്റലിജന്‍സും കുറച്ചു കൂടി കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

🙏കണ്ണൂര്‍ നഗരത്തിന്റെ മാലിന്യ കേന്ദ്രമായ ചേലോറയില്‍ , കുട്ടികള്‍ക്കായി പാര്‍ക്കൊരുക്കി കോര്‍പ്പറേഷന്‍. മാലിന്യങ്ങള്‍ തള്ളിയിരുന്ന ട്രഞ്ചിങ് ഗ്രൌണ്ടിനോട് ചേര്‍ന്നാണ് പാര്‍ക്ക്. അമൃത് പദ്ധതിയിലുള്‍പ്പെടുത്തി ഒരു കോടി അറുപത്തിയൊന്ന് ലക്ഷം രൂപ ചെലവിട്ടാണ് നെഹ്‌റു പാര്‍ക്ക് നിര്‍മിച്ചത്.

🙏നരിക്കുനി എരവന്നൂര്‍ എയുപി സ്‌കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെയുണ്ടായ കൈയ്യാങ്കളിയില്‍ പൊലീസും എഇഒയും അന്വേഷണം തുടങ്ങി. പ്രധാന അധ്യാപകനും അധ്യാപികമാരുമടക്കം ഏഴ് പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. കാക്കൂര്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.

🙏വയനാട്ടില്‍ കാട്ടാനയെ പ്രകോപിപ്പിച്ചവര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്. സുല്‍ത്താന്‍ബത്തേരി പുല്‍പ്പള്ളി പാതയില്‍ വാഹനം നിര്‍ത്തി 3 പേരാണ് കാട്ടാനയെ പ്രകോപിപ്പിച്ചത്. വാഹന ഉടമയോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

🙏അമേരിക്കയില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതര പരിക്ക്. കോട്ടയം ഉഴവൂര്‍ സ്വദേശിയായ മീരയെ വെടിവച്ച ഭര്‍ത്താവ് അമല്‍ റെജിയെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു. മീരയുടെ സ്ഥിതി ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് നാട്ടിലെ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

🇳🇪 ദേശീയം 🇳🇪

🙏തമിഴ്നാട് രാജ്ഭവന് നേരെയുണ്ടായ ബോംബ് ആക്രമണത്തിന്റെ അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ. സംഭവത്തില്‍ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത കറുക വിനോദിനെ പ്രതിയാക്കിയാണ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്.

🙏മത്സര പരീക്ഷകളില്‍ തല മറക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ചിട്ടില്ലെന്ന് വിശദീകരിച്ച് കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എംസി സുധാകര്‍. നേരത്തെ പരീക്ഷയില്‍ ഹിജാബ് അടക്കമുള്ള വസ്ത്രങ്ങള്‍ നിരോധിക്കാന്‍ എക്സാമിനേഷന്‍ അതോറിറ്റി തീരുമാനിച്ചിരുന്നു. തട്ടിപ്പ് നടക്കാതിരിക്കാനാണ് ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയതെന്നും ഹിജാബ് മുഖം മൂടാത്തതിനാല്‍ ധരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

🙏ദീപാവലി ദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പനയുമായി തമിഴ്‌നാട്. 467.69 കോടി രൂപയുടെ മദ്യമാണ് തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ വില്‍പ്പന നടത്തിയത്. മധുരയിലാണ് റെക്കോര്‍ഡ് വില്‍പ്പന. ദീപാവലിയുടെ തലേന്ന് 52.73 കോടിയും ദീപാവലി ദിനത്തില്‍ 51.97 കോടിയും നേടി.

🙏കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ‘മണ്ടന്‍മാരുടെ രാജാവ്’ എന്ന പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആളുകളുടെ പോക്കറ്റില്‍ ചൈനയില്‍ നിര്‍മിച്ച ഫോണുകളാണെന്നും അവ മധ്യപ്രദേശില്‍ നിര്‍മിക്കാന്‍ സാധിക്കുമായിരുന്നു എന്നും രാഹുല്‍ഗാന്ധി പ്രസംഗിച്ചതിനെതിരെയായിരുന്നു മോദിയുടെ പരാമര്‍ശം.

🙏പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഇലക്ഷന്‍ കമ്മീഷന്‍ നോട്ടീസ്. നോട്ടീസിന്റെ അടിസ്ഥാനത്തില്‍ കെജ്രിവാള്‍ വ്യാഴാഴ്ച വിശദീകരണം നല്‍കണം. അദാനിയേയും മോദിയെയും ചേര്‍ത്തുള്ള പോസ്റ്റിനെതിരെയായിരുന്നു പരാതി.

🙏ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി നരേഷ് കുമാറിനെയും ഡിവിഷന്‍ കമ്മീഷണര്‍ അശ്വനി കുമാറിനെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോടാവശ്യപ്പെട്ട് ഡല്‍ഹി വിജിലന്‍സ് മന്ത്രി അതിഷി.

🙏മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച യുവ സബ് ഇന്‍സ്പെക്ടറെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. ബീഹാറിലെ ജാമുയി ജില്ലയിലാണ് സംഭവം. അനധികൃതമായി ഖനനം ചെയ്ത മണല്‍ കടത്തുകയായിരുന്ന സംഘത്തെ തടയാന്‍ ശ്രമിക്കവെയാണ് ആക്രമണം.

🇦🇺 അന്തർദേശീയം 🇦🇽

🙏ഇസ്രയേല്‍ പലസ്തീന്‍ യുദ്ധത്തില്‍ ഗാസയില്‍ കുടുങ്ങിയ ഇന്ത്യക്കാരായ അമ്മയെയും മകളെയും രക്ഷപ്പെടുത്തി. കശ്മീര്‍ സ്വദേശികളായ ലുബ്ന നസീര്‍ ഷബൂ, മകള്‍ കരീമ എന്നിവരാണ് ഗാസയില്‍ നിന്നും രക്ഷപ്പെട്ടത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇന്ത്യക്കാരായ അമ്മയേയും മകളെയും രക്ഷപ്പെടുത്തിയ വിവരം പുറത്തറിയിച്ചത്.

🙏ഇസ്രയേല്‍ ഹമാസ് യുദ്ധമാരംഭിച്ചതിന് ശേഷം ഐക്യരാഷ്ട്രസഭയുടെ 102 പ്രവര്‍ത്തകര്‍ ഇതുവരെ കൊല്ലപ്പെട്ടന്നെ് റിപ്പോര്‍ട്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു യുദ്ധത്തില്‍ ഇത്രയും യു എന്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതെന്നാണ് യു.എന്‍. എയ്ഡ് ഏജന്‍സി വ്യക്തമാക്കിയത്.

🙏യൂറോപ്യന്‍ യൂണിയന്‍ ഷെങ്കന്‍ വിസ അപേക്ഷ ഡിജിറ്റല്‍ ആക്കുന്നു. ഡിജിറ്റലാകുന്നതോടെ, വിസ അപേക്ഷകര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിപ്പിക്കേണ്ടി വരില്ല. കോണ്‍സുലേറ്റ് അല്ലെങ്കില്‍ സേവന ദാതാക്കളുടെ സഹായമില്ലാതെ തന്നെ വിസ നേടാം. സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, ഐസ്ലാന്‍ഡ്, എന്നിവയ്‌ക്കൊപ്പം 27 യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ 23 എണ്ണവും ഷെങ്കനില്‍ ഉള്‍പ്പെടുന്നു.

🏑🏸കായികം🏏🥍

🙏ഏകദിന ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ന് ഇന്ത്യ – ന്യൂസിലാണ്ട് സെമി ഫൈനല്‍. ബാറ്റിംഗിലും ബൗളിംഗിലും മികച്ച നിലവാരം പുലര്‍ത്തുന്ന ഇന്ത്യക്കാണ് കൂടുതല്‍ പേര്‍ സാധ്യത കല്‍പിക്കുന്നത്. 2015 ലും 2019 ലും ഫൈനലിലെത്തിയെങ്കിലും ലോകകപ്പ് കിരീടം ഇന്നും ന്യൂസിലാണ്ടിന് കിട്ടാക്കനിയാണ്.

🙏2019ല്‍ ധോണിയുടെ ക്യാപ്റ്റന്‍സിയുടെ കീഴില്‍ വിജയപ്രതീക്ഷയുമായെത്തിയ ഇന്ത്യ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റാണ് പുറത്തായത്. മുംബയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ മത്സരം ആരംഭിക്കും.

🙏ലോകത്തിലെ ഏറ്റവും വലിയ കായിക പുരസ്‌കാരങ്ങളിലൊന്നായ വേള്‍ഡ് അത്‌ലറ്റ് ഓഫ് ദ ഇയറിന്റെ അന്തിമപ്പട്ടികയില്‍ ഇടം നേടി ഇന്ത്യന്‍ താരം നീരജ് ചോപ്ര. പുരസ്‌കാര ജേതാവിനെ ഡിസംബര്‍ 11 ന് പ്രഖ്യാപിക്കും. ഇതുവരെ ഒരു ഇന്ത്യന്‍ താരത്തിനും വേള്‍ഡ് അത്‌ലറ്റ് ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടാനായിട്ടില്ല.

Advertisement